ബിബിസി ഡോക്യുമെന്ററിയില്‍ കേന്ദ്രത്തിന് നോട്ടീസ്; സുപ്രീം കോടതിയെ വിമര്‍ശിച്ച് ആര്‍എസ്എസ് മാസിക

Modi

ബിബിസി ഡോക്യുമെന്ററിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് നല്‍കിയതിന് സുപ്രീംകോടതിയെ വിമര്‍ശിച്ച് ആര്‍എസ്എസ് മാസിക പാഞ്ചജന്യ. ഇന്ത്യാ വിരുദ്ധ ശക്തികള്‍ സുപ്രീം കോടതിയെ ഒരു 'ഉപകരണമായി' ഉപയോഗിക്കുകയാണെന്നാണ് വിമര്‍ശനം. 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ലിങ്കുകള്‍ തടയാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തുളള ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍എസ്എസ് മാസികയുടെ വിമര്‍ശനം. 

2002 ലെ ഗോധ്രാ കലാപങ്ങളെക്കുറിച്ചും അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഗുജറാത്ത് സര്‍ക്കാരിന് അതിലുളള പങ്കിനെ കുറിച്ചും ബിബിസി, 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍'എന്ന പേരില്‍ ഒരു ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. 'നമ്മുടെ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് സുപ്രീം കോടതിയുളളത്. എന്നാല്‍ ഇന്ത്യയുടെ എതിരാളികള്‍ സുപ്രീം കോടതിയെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു.' എന്നാണ് പാഞ്ചജന്യയുടെ എഡിറ്റോറിയലില്‍ പറയുന്നത്. പരിസ്ഥിതിയുടെ പേരില്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന, മനുഷ്യാവകാശത്തിന്റെ പേരില്‍ തീവ്രവാദികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്ത്യയില്‍ തന്നെ ഇന്ത്യയ്‌ക്കെതിരെ പ്രചരണം നടത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും എഡിറ്റോറിയലില്‍ പറയുന്നു. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചാരണമാണ് ബിബിസി ഡോക്യുമെന്ററി എന്നും തികച്ചും തെറ്റായ വസ്തുതകളാണ് അതിലുളളതെന്നും മാസികയില്‍ പറയുന്നു.

നികുതിദായകരുടെ പണത്തിലാണ് സുപ്രീം കോടതി പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യന്‍ നിയമമനുസരിച്ച് രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി തികച്ചും തെറ്റിദ്ധരിക്കപ്പെട്ടതും പരിഗണിക്കാന്‍ അര്‍ഹതയില്ലാത്തതുമാണ്. വിവാദ ഡോക്യുമെന്ററി പുറത്തിറക്കിയതിന് പിന്നാലെ ഇന്ത്യയില്‍ ബിബിസിയെ പൂര്‍ണ്ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. ഡോക്യുമെന്ററി തടയാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള മറ്റൊരു ഹര്‍ജിയും ഏപ്രിലില്‍ പരിഗണിക്കും

Share this story