ഇനി പോര് സുപ്രീംകോടതിയില്‍; പാര്‍ട്ടി ചിഹ്നവും പേരും നേടാന്‍ ഉദ്ധവ് പക്ഷത്തിന്റെ പുതിയ നീക്കം

Udhav

ശിവസേനയുടെ പേരും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയതിന് പിന്നാലെ പുതിയ നീക്കവുമായി ഉദ്ധവ് താക്കറെ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം. തിങ്കളാഴ്ചയോടെ  ഉദ്ധവിന്റെ അഭിഭാഷകര്‍ അപ്പീല്‍ നല്‍കിയേക്കും.

ഉദ്ധവ് വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചില്ലെന്ന് സുപ്രീംകോടതിയില്‍ വാദമുന്നയിക്കാനാണ് നീക്കം. ഉദ്ധവിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെ അധികാരത്തിലേറിയതോടെ ആണ് പാര്‍ട്ടിയില്‍ രണ്ട് വിഭാഗങ്ങള്‍ ഉയര്‍ന്നുവന്നത്. ഷിന്‍ഡെയുടെ അട്ടിമറി, മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് നയിച്ചു. താക്കറെയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കി ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയുമായി.

'യഥാര്‍ത്ഥ ശിവസേന' തങ്ങളാണെന്ന് പറഞ്ഞ് ഇരുപക്ഷവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ പേരും ചിഹ്നവും സംബന്ധിച്ച് അവകാശവാദമുന്നയിച്ച് ഇവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. 2022 ഒക്ടോബറില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശിവസേനയുടെ ചിഹ്നം മരവിപ്പിക്കുകയും ഇരു വിഭാഗങ്ങള്‍ക്കും വ്യത്യസ്ത പേരുകളും ചിഹ്നങ്ങളും നല്‍കുകയും ചെയ്തു. ഷിന്‍ഡെ വിഭാഗത്തിന് ബാലസാഹെബഞ്ചി ശിവസേന എന്ന പേരിനൊപ്പം പാര്‍ട്ടി ചിഹ്നമായി രണ്ട് വാളും പരിചയും നല്‍കി. ഉദ്ധവ് വിഭാഗത്തിന് ശിവസേന - ഉദ്ധവ് ബാലാസാഹബ് താക്കറെ എന്ന പേരും ചിഹ്നമായി തീപ്പന്തവും നല്‍കിയിരുന്നു.

Share this story