എൻആർസി പ്രതിഷേധം; സർക്കാർ ഓഫീസുകൾ പൂട്ടി സമരം: സമാധാനം പാലിക്കാൻ അഭ്യർത്ഥിച്ച് മണിപ്പൂർ സർക്കാർ
ഇംഫാൽ: മണിപ്പൂരിൽ ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകൾ പൂട്ടി പ്രതിഷേധിച്ച പശ്ചാത്തലത്തിൽ, ജനങ്ങളോട് സമാധാനം പാലിക്കാൻ അഭ്യർത്ഥിച്ച് മണിപ്പൂർ സർക്കാർ. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സമരരീതികളിൽ നിന്ന് സംഘടനകൾ പിൻവാങ്ങണമെന്ന് സർക്കാർ വക്താക്കൾ വാ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
'ക്യാമ്പെയ്ൻ ഫോർ ജസ്റ്റിസ് ആൻഡ് ഫെയർ ഡിലിമിറ്റേഷൻ' (JFD) ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ പൂട്ടിയിട്ട് പ്രതിഷേധം ശക്തമാക്കിയത്. സെൻസസ് നടപടികൾ ആരംഭിക്കുന്നതിന് മുൻപ് 1951 അടിത്തറയാക്കി എൻആർസി പുതുക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
ഇതുസംബന്ധിച്ച് നിയമസഭാ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ വക്താക്കളായ എംഎൽഎ തങ്‌ജം രാധേശ്യാം സിംഗും ഡോ. സപം രഞ്ജൻ സിംഗും അറിയിച്ചു. കൂടാതെ, വിഷയം കേന്ദ്രത്തിന് മുന്നിൽ ഉന്നയിക്കാൻ മണിപ്പൂർ ആഭ്യന്തര മന്ത്രി ഗോവിന്ദാസ് കൊന്തൗജത്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഡൽഹിയിൽ തുടരുകയാണെന്നും അവർ വ്യക്തമാക്കി.
സംസ്ഥാനത്ത് നിലനിൽക്കുന്ന അശാന്തി തടയാനും ക്രമസമാധാനം വീണ്ടെടുക്കാനും എല്ലാവരും സഹകരിക്കണമെന്ന് മണിപ്പൂർ സർക്കാർ അഭ്യർത്ഥിച്ചു.
