പുറത്താക്കിയവരിൽ 95.5 ശതമാനവും മുസ്ലിം വോട്ടർമാർ; നന്ദിഗ്രാമിലെ വോട്ടർപട്ടിക വിവാദം വീണ്ടും പുകയുന്നു

Votter List

പശ്ചിമ ബംഗാളിലെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലങ്ങളിലൊന്നായ നന്ദിഗ്രാം വീണ്ടും വാർത്തകളിൽ നിറയുകയാണ്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടർ പട്ടിക വിവാദങ്ങളാണ് നന്ദിഗ്രാമുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്ന് കൊണ്ടിരിക്കുന്നത്. 

കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ലിക് പോളിസി ഗവേഷണ സ്ഥാപനമായ 'സബർ ഇൻസ്റ്റിറ്റ്യൂട്ട്' മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് നടത്തിയ വിശകലനത്തിലാണ് വോട്ടർമാരെ ഒഴിവാക്കിയതിൽ അസ്വാഭാവികമായ മാറ്റങ്ങൾ കണ്ടെത്തിയത്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഗതിവിഗതികളിൽ എല്ലാ കാലവും കാര്യമായ സ്വാധീനം ചെലുത്തിയിട്ടുള്ള ഈ മണ്ഡലത്തിലെ വോട്ടർ പട്ടികയുടെ സുതാര്യതയെ കുറിച്ചുള്ള ആശങ്കകളാണ് ഈ പഠനം ഉയർത്തുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമതാ ബാനർജി പ്രതിപക്ഷ നേതാവ് ബി.ജെ.പിയുടെ സുവേന്ദു അധികാരിയോട് ചെറിയ വോട്ടുകൾക്ക് പരാജയപ്പെട്ടതോടെ ഈ മണ്ഡലം ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. ഏപ്രിൽ 23ന് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ, ഇവിടെ വോട്ടർ പട്ടികയിലുണ്ടാകുന്ന ഏത് ക്രമക്കേടും വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കും.

തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത സബർ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നത് പ്രകാരം, നന്ദിഗ്രാമിലെ ജനസംഖ്യയുടെ ഏകദേശം 25 ശതമാനം വരുന്ന മുസ്ലീം വിഭാഗമാണ് ആദ്യത്തെ ഏഴ് അനുബന്ധ പട്ടികകളിൽ (Supplementary Lists) നിന്ന് ഒഴിവാക്കപ്പെട്ടവരിൽ 95.5 ശതമാനവും. ജനസംഖ്യയുടെ ഏകദേശം 75 ശതമാനം വരുന്ന മറ്റു വിഭാഗങ്ങളിൽ നിന്ന് കേവലം 4.5 ശതമാനം മാത്രമേ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുള്ളൂ. 

ഭയാനകമായ അസമത്വം

അനുബന്ധ പട്ടിക പ്രകാരം, നന്ദിഗ്രാമിൽ നിന്ന് ആകെ 2,826 പേരുകളാണ് ഒഴിവാക്കിയത്. ഇതിൽ 2,700 പേരും മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവരാണ്. ജനസംഖ്യ അനുപാതമനുസരിച്ചാണെങ്കിൽ മുസ്ലിം വിഭാഗത്തിൽ നിന്ന് നാലിലൊന്ന് പേർ മാത്രമേ പട്ടികയിൽ നിന്ന് പുറത്താകാൻ പാടുള്ളൂ എന്നിരിക്കെ, ഏകദേശം മുഴുവൻ പേരും ഒരു പ്രത്യേക വിഭാഗത്തിൽ നിന്നുള്ളവരാകുന്നത് ഭയാനകമായ അസമത്വമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

മറ്റു മണ്ഡലങ്ങളിലും സമാന സംഭവം

നന്ദിഗ്രാമിൽ മാത്രമല്ല, ഭവാനിപൂർ ഉൾപ്പെടെയുള്ള മറ്റു മണ്ഡലങ്ങളിലും മുസ്‌ലിം വിഭാഗങ്ങൾ വോട്ടർ പട്ടികയിൽ നിന്ന് ആനുപാതികമല്ലാത്ത രീതിയിൽ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് സബർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സാബിർ അഹമ്മദ് പറഞ്ഞു. വോട്ടർപട്ടിക പരിഷ്കരണ പ്രക്രിയയിലൂടെ ഒരു പ്രത്യേക വിഭാഗം ലക്ഷ്യം വെക്കപ്പെട്ടുവെന്നും മാതുവ വിഭാഗക്കാരും സ്ത്രീകളും ഇതിന്റെ ഇരകളാണെന്നും സാബിർ പറയുന്നു.

ഓരോ വോട്ടും രാഷ്ട്രീയമായി നിർണ്ണായകമായ നന്ദിഗ്രാമിൽ, വോട്ടർ പട്ടികയിലെ ഈ മാറ്റങ്ങൾ വോട്ടെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പരിഷ്കരണങ്ങളെയും സുതാര്യതയെയും കുറിച്ചുള്ള ചർച്ചകൾ ശക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തര ഇടപെടലുകളുണ്ടാകണമെന്നാണ് വിവിധ മേഖലകളിൽ നിന്ന് ഉയരുന്ന ആവശ്യം.

Tags

Share this story