കോക്രോച്ചുകളുടെ ഔദ്യോഗിക വക്താക്കൾ രംഗത്ത്; പ്രമുഖർ പാർട്ടിയിലേക്ക് എന്ന് സിജെപി

Cocrkoch

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി)യുടെ മുഖ്യവക്താവായി അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ സൗരവ് ദാസിനെ നിയമിച്ചെന്ന് സിജെപി. രാഷ്ട്രീയ ഗവേഷകനും ചലച്ചിത്രപ്രവര്‍ത്തകനുമായ വിജേതാ ദഹിയ, മുന്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് അഷുതോഷ് രങ്ക എന്നിവരെ സംഘടനയുടെ ഔദ്യോഗിക പ്രതിനിധികളായി തീരുമാനിച്ചതായും സിജെപി പ്രസ്താവനയിറക്കി. പൊതുജീവിതത്തിലേക്ക് പുതു തലമുറയെ കൊണ്ടുവരുന്നതിനും യുവ ഇന്ത്യക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങളിലെ രാഷ്ട്രീയ അഭിപ്രായം നടത്തുന്നതിനുമായാണ് ഇവരെ നിയമിച്ചതെന്ന് സിജെപിയുടെ പ്രസ്താവനയില്‍ പറയുന്നു.

നിയമ-സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ചായിരുന്നു സൗരവ് ദാസ് തന്റെ മാധ്യമപ്രവര്‍ത്തനം നടത്തിയത്. 2020ലാണ് ദാസ് മാധ്യമപ്രവര്‍ത്തകനായി ജോലിയില്‍ പ്രവേശിക്കുന്നത്. വിവരാവകാശ നിയമം പ്രകാരം വിവരങ്ങള്‍ തേടിയാണ് പ്രധാനമായും ദാസ് പല റിപ്പോര്‍ട്ടുകളും പുറത്ത് കൊണ്ടുവന്നത്. ദ കാരവന്‍, ആര്‍ട്ടിക്കിള്‍14, അല്‍ ജസീറ, ദ വയര്‍, ദ ഹിന്ദു, ന്യൂ ലൈന്‍സ് മാഗസിന്‍ തുടങ്ങിയവയില്‍ ദാസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ഗേറ്റില്‍ നടത്തിയ മാലിന്യ വിരുദ്ധ റാലിയിലും അദ്ദേഹം സജീവമായിരുന്നു.

രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയാണ് അഷുതോഷ് രങ്ക. ഐഐടി കാണ്‍പൂരില്‍ നിന്ന് മെറ്റീരിയല്‍ സയന്‍സില്‍ ബിടെക് കരസ്ഥമാക്കി. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.

ഡല്‍ഹി ടെക്‌നോളജിക്കല്‍ സര്‍വകലാശാല (ഡിടിയു)യിലാണ് വിജേതാ ദഹിയ തന്റെ ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തന്റെ സാമൂഹ്യ മാധ്യമ പേജുകളിലൂടെ രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞ് സജീവമാണ് വിജേത ദഹിയ. പവര്‍ ഓഫ് യൂണിവേഴ്‌സ്, ടു ഹെല്‍ വിത്ത് ദാറ്റ് ജോബ് എന്നിങ്ങനെ രണ്ട് മികച്ച പുസ്തകങ്ങള്‍ വിജേത ദഹിയ രചിച്ചിട്ടുണ്ട്. രണ്ട് സിനിമകള്‍ക്ക് കഥയെഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

പ്രമുഖര്‍ കോക്രോച്ച് പാര്‍ട്ടിയില്‍ ചേരുമെന്ന് കഴിഞ്ഞ ദിവസം സിജെപിയുടെ അഭിജീത്ത് ദീപ്‌കേ പറഞ്ഞിരുന്നു. ജൂണ്‍ ആറ് മുതല്‍ സിജെപി ഡല്‍ഹി ജന്തര്‍ മന്ദറില്‍ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കണം എന്നാണ് സിജെപിയുടെ ആവശ്യം. ഇതിന്റെ ഭാഗമായി അഭിജീത്ത് ഡല്‍ഹിയിലെത്തും. എന്നാല്‍ അഭിജീത്തിനെ കരുതല്‍ തടങ്കലിലാക്കാനാണ് നീക്കം. സിജെപി സമരം തുടങ്ങിയാല്‍ സുരക്ഷാ ഭീഷണിയാകുമെന്നാണ് വിലയിരുത്തല്‍. അമേരിക്കയില്‍ നിന്നും ഡല്‍ഹി മാനത്താവളത്തിലെത്തുമ്പോള്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കും. ശനിയാഴ്ചയാണ് ദീപ്കേ തിരികെ ഇന്ത്യയിലെത്തുന്നത്.

Tags

Share this story