നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

സുവേന്ദു അധികാരി

കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഇടതുമുന്നണി ഭരണകാലത്ത് നന്ദിഗ്രാമിൽ നടന്നതായി ആരോപിക്കപ്പെടുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസ് ഫയലുകൾ വീണ്ടും തുറക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. സംഭവങ്ങളിൽ ഉത്തരവാദികളായ മുൻ സിപിഎം നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്നും കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 2007ലെ നന്ദിഗ്രാം അക്രമസംഭവങ്ങൾക്ക് 19 വർഷം തികയുന്ന വേളയിലാണ് പ്രഖ്യാപനം. ഓപ്പറേഷൻ സൂര്യോദയത്തിന്‍റെ 19-ാം വാർഷികത്തോടനുബന്ധിച്ച് ഗോകുൽനഗറിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്നത്തെ തൃണമൂൽ കോൺഗ്രസ് സർക്കാരിന്‍റെ കാലത്ത് സിഐഡി നടത്തിയ അന്വേഷണം പൂർണമായ വിചാരണയിലേക്ക് എത്തിയില്ലെന്നും കുറ്റക്കാർക്ക് ശിക്ഷ ലഭിച്ചില്ലെന്നും സുവേന്ദു അധികാരി ആരോപിച്ചു. ''സിഐഡി അന്വേഷണം നടത്തിയെങ്കിലും വിചാരണ നടന്നില്ല. ഉത്തരവാദികളായവർക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്നും കേസുകൾ വീണ്ടും തുറക്കുമെന്നും ഞാൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്''- അധികാരി പറഞ്ഞു. സിപിഎം നേതാക്കളായ ഗോഗട്ടിലെ അഭയ് ഘോഷ്, തൽദാംഗ്രയിലെ മനോരഞ്ജൻ പത്ര, ഗർബേട്ടയിലെ തപൻ ഘോഷ്, ഖേജുരിയിലെ ഹിമാൻഷു ദാസ് എന്നിവരുടെ പേരുകളും അദ്ദേഹം പരാമർശിച്ചു.

പൂർവ മേദിനിപുർ ജില്ലയിൽ ഭൂമി ഏറ്റെടുക്കലിനെതിരായ ശക്തമായ പ്രക്ഷോഭത്തിന്‍റെ കേന്ദ്രമായിരുന്നു നന്ദിഗ്രാം. 2011ൽ ഇടതുമുന്നണിയുടെ തുടർഭരണം അവസാനിക്കുന്നതിലും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തുന്നതിലും നന്ദിഗ്രാം പ്രക്ഷോഭം നിർണായക പങ്കുവഹിച്ചിരുന്നു.

Tags

Share this story