ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി: നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് ഒമർ അബ്ദുള്ള; സഭയിൽ ബിജെപി എംഎൽഎമാരുടെ കടുത്ത പ്രതിഷേധം

ഒമർ അബ്‌ദുള്ള

ശ്രീനഗർ: ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം മുഖ്യമന്ത്രി ഒമർ അബ്ദുള്ള നിയമസഭയിൽ അവതരിപ്പിച്ചു. വെള്ളിയാഴ്ച പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ ബിജെപി എംഎൽഎമാരുടെ പ്രതിഷേധത്തോടെ നിയമസഭ പ്രക്ഷുബ്ദമായി. ഇതേ തുടർന്ന് അരമണിക്കൂർ നേരത്തേക്ക് സഭ പിരിഞ്ഞു.

2000 ജൂണിൽ ജമ്മു കശ്മീർ സംസ്ഥാനമായിരുന്ന കാലത്ത് നാഷണൽ കോൺഫറൻസ് (എൻസി) സർക്കാർ പാസാക്കിയ സ്വയംഭരണാവകാശം സംബന്ധിച്ച പ്രമേയത്തെ പുതിയ പ്രമേയത്തിൽ പരാമർശിച്ചതാണ് ബിജെപി അംഗങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

“2000 ജൂൺ 26നും 2024 നവംബർ ആറിനും ഈ സഭ പാസാക്കിയ പ്രമേയങ്ങൾക്ക് പുറമെ, ജമ്മു കശ്മീരിന്‍റെ പൂർണ സംസ്ഥാന പദവി അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഈ സഭ ആവശ്യപ്പെടുന്നു. ഈ പ്രമേയം കേന്ദ്ര സർക്കാരിന് കൈമാറാനും സഭ തീരുമാനിക്കുന്നു,” എന്നാണ് പുതിയ പ്രമേയത്തിലെ പരാമർശം.

1953 ഓഗസ്റ്റ് ഒൻപതിന് നിലവിലുണ്ടായിരുന്ന രീതിയിലുള്ള കൂടുതൽ സ്വയംഭരണാവകാശം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള എൻസി സർക്കാർ 2000 ജൂൺ 26ന് പ്രമേയം പാസാക്കിയിരുന്നു. പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 2024 നവംബർ ആറിനും നിയമസഭ പ്രമേയം പാസാക്കിയിരുന്നു.

Tags

Share this story