"ഞങ്ങളുടെ രക്തം ഊറ്റിക്കുടിച്ചു": സിന്ധു നദീജല കരാറിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഒമർ അബ്ദുള്ള

ഒമർ

ശ്രീനഗർ: സിന്ധു നദീജല കരാറിന്റെ (Indus Waters Treaty) പേരിൽ പാകിസ്ഥാനെതിരെ കടുത്ത വിമർശനവുമായി ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. സ്വന്തം നദികളിലെ വെള്ളം ഉപയോഗിക്കാൻ അനുവദിക്കാതെ പതിറ്റാണ്ടുകളായി ജമ്മു കാശ്മീരിന്റെ "രക്തം ഊറ്റിക്കുടിക്കുകയായിരുന്നു" എന്ന് അദ്ദേഹം ആരോപിച്ചു.

​സിന്ധു നദീജല കരാറിലെ ഓരോ തുള്ളി വെള്ളവും പാകിസ്ഥാന്റെ 'റെഡ് ലൈൻ' ആണെന്നും, വെള്ളം തടഞ്ഞാൽ ശക്തമായ മറുപടി നൽകുമെന്നും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ഒമർ അബ്ദുള്ള.

​"അതെ, ഇത് ഞങ്ങളുടെ രക്തമാണ്. ഞങ്ങളുടെ രക്തമാണ് ഊറ്റിയെടുത്തതെന്ന് ഞങ്ങൾ കാലങ്ങളായി പറയുന്നതാണ്. ഈ നദികളും വെള്ളവും ഞങ്ങളുടേതാണ്, ഇതിൽ ആദ്യ അവകാശം ഞങ്ങൾക്കാണ്" എന്ന് ഒമർ അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു.

​കാശ്മീരികളോട് വലിയ സഹതാപമുണ്ടെന്ന് അവകാശപ്പെടുന്ന പാകിസ്ഥാൻ, ജലവിഭവങ്ങളുടെ കാര്യം വരുമ്പോൾ ആ സഹതാപം എവിടെപ്പോയെന്ന് അദ്ദേഹം ചോദിച്ചു. ആറ് നദികളിൽ മൂന്നെണ്ണം പാകിസ്ഥാന് നൽകിയതുമൂലം കുടിവെള്ളത്തിനും കൃഷിക്കുമായി നദീജലം ഉപയോഗിക്കാനോ വലിയ അണക്കെട്ടുകൾ നിർമ്മിക്കാനോ ജമ്മു കാശ്മീരിന് സാധിച്ചിരുന്നില്ല.

​ഭീകരാക്രമണങ്ങളെ തുടർന്ന് ഇന്ത്യ നിർത്തിവെച്ച സിന്ധു നദീജല കരാർ റദ്ദാക്കിത്തന്നെ തുടരണമെന്നും, എങ്കിൽ മാത്രമേ ജമ്മു കാശ്മീരിന് സ്വന്തം ജലവിഭവങ്ങൾ വേണ്ടവിധം ഉപയോഗിക്കാൻ കഴിയൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Tags

Share this story