ഗ്വാളിയോറിൽ മതിൽ തകർന്നുവീണ് ഒരു മരണം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

മധ്യപ്രദേശശ്

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിലുണ്ടായ വൻ മതിൽ അപകടത്തിൽ ഒരു സ്ത്രീ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഗ്വാളിയോറിലെ ചിർവായ് നാക്കയ്ക്ക് സമീപമാണ് സംഭവം.

​ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഇവിടെയുള്ള മുക്തിധാമിന് (ശ്മശാനം) സമീപം മണ്ണൊലിപ്പ് തടയാനായി മുൻസിപ്പൽ കോർപ്പറേഷൻ നിർമ്മിച്ച വലിയ സംരക്ഷണ മതിൽ (Retaining wall) പെട്ടെന്ന് തകർന്നുവീഴുകയായിരുന്നു. മതിലിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ഒരു ചായക്കടയുടെ മുകളിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്. കടയിലുണ്ടായിരുന്ന മൂന്ന് പേരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി.

​ഉടൻ തന്നെ പോലീസും ദുരന്തനിവാരണ സേനയും കോർപ്പറേഷൻ അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയാണ് മൂവരെയും പുറത്തെടുത്തത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ സപ്ന ബാതം എന്ന സ്ത്രീ മരണപ്പെട്ടിരുന്നു. പരിക്കേറ്റ മറ്റ് രണ്ടുപേർ ട്രോമ കെയർ സെന്ററിൽ തീവ്രപരിചരണത്തിലാണ്.

​മതിലിന്റെ നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമായതെന്ന് ആരോപണമുണ്ട്. സംഭവത്തിൽ കളക്ടർ രുചിക ചൗഹാൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

Tags

Share this story