ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബിൽ; ജെ.പി.സിയുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീം കോടതി: സന്ദർശനം റദ്ദാക്കി
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബില്ലുകൾ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയുമായി (JPC) നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച നിരസിച്ച് സുപ്രീം കോടതി. ഇതിന് പിന്നാലെ ഒക്ടോബർ 6-ന് സുപ്രീം കോടതിയിൽ നട നടത്താനിരുന്ന സന്ദർശനവും അനൗപചാരിക ചർച്ചകളും ജെ.പി.സി റദ്ദാക്കി. തീരുമാനം സുപ്രീം കോടതി സെക്രട്ടറി ജനറൽ ജെ.പി.സിയെ രേഖാമൂലം അറിയിക്കുകയായിരുന്നു.
ഭാവിയിൽ ഈ നിയമനിർമ്മാണത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജികൾ വരാൻ സാധ്യതയുള്ളതിനാൽ, ബിൽ പരിശോധിക്കുന്ന പാർലമെന്ററി സമിതിയുമായി ജഡ്ജിമാർ ചർച്ച നടത്തുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് നീതിപീഠം എത്തിച്ചേർന്നത്.
നേരത്തെ, ജെ.പി.സി സമിതി ജഡ്ജിമാരെ കാണുന്നതിനെതിരെ പ്രതിപക്ഷ അംഗങ്ങളും മുതിർന്ന അഭിഭാഷകരും കടുത്ത എതിർപ്പുയർത്തിയിരുന്നു. കേസ് പരിഗണിക്കേണ്ട ജഡ്ജിമാരുടെ മുന്നിൽ പോയി സർക്കാർ നിയമത്തിന്റെ സവിശേഷതകൾ വിശദീകരിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയെ ബാധിക്കുമെന്നും ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
ബി.ജെ.പി എം.പി പി.പി. ചൗധരി അധ്യക്ഷനായ 39 അംഗ സംയുക്ത പാർലമെന്ററി സമിതിയാണ് 'ഭരണഘടന (129-ാം ഭേദഗതി) ബിൽ', 'കേന്ദ്രഭരണപ്രദേശ നിയമങ്ങൾ (ഭേദഗതി) ബിൽ' എന്നിവ പരിശോധിച്ച് വരുന്നത്. രണ്ട് ബില്ലുകളെക്കുറിച്ചുള്ള പരിശോധനയുടെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ, ജനപ്രതിനിധികൾ, ഭരണഘടനാ വിദഗ്ധർ, മറ്റ് ബന്ധപ്പെട്ട കക്ഷികൾ എന്നിവരുമായി ചർച്ചകൾ നടത്തിവരികയാണ്. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ വശങ്ങളെക്കുറിച്ച് ഇന്ത്യയിലെ മുൻ ചീഫ് ജസ്റ്റിസുമാർ, മുൻ സുപ്രീം കോടതി ജഡ്ജിമാർ, മറ്റ് നിയമവിദഗ്ധർ എന്നിവരുമായും കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്ന് സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.
