2029-ൽ 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ലക്ഷ്യം: ബിൽ പാസായില്ലെങ്കിൽ എൻഡിഎ സംസ്ഥാന സഭകൾ പിരിച്ചുവിടാൻ നീക്കം

One Election

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാരും ബിജെപിയും നീക്കം ശക്തമാക്കുന്നു. ഇതിന്റെ മുന്നോടിയായി എൻഡിഎ ഭരണത്തിലുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്താനാണ് ബിജെപി പദ്ധതിയിടുന്നത്. വരുന്ന ശൈത്യകാല സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ബിൽ പാർലമെൻ്റിൽ പാസാക്കിയെടുക്കാൻ കേന്ദ്ര സർക്കാർ ശ്രമം നടത്തും.

​നിലവിൽ ഈ ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയിലാണ്. ഒരു ഭരണഘടനാ ഭേദഗതി ബിൽ ആയതിനാൽ ഇത് പാസാകാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. എന്നാൽ, പാർലമെന്റിൽ ബിൽ പാസാക്കിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകൾ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ പിരിച്ചുവിട്ട് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ജനവിധി തേടാനാണ് ബിജെപിയുടെയും എൻഡിഎയുടെയും തീരുമാനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

​ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ നാല് സംസ്ഥാനങ്ങളിൽ നിലവിൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഈ സമയക്രമം കൊണ്ടുവരുന്നതിനായി നിയമസഭകൾ നേരത്തെ പിരിച്ചുവിടേണ്ടി വരും. എൻഡിഎ അധികാരത്തിലുള്ള 22 സംസ്ഥാനങ്ങളിൽ 11 ലും അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നടപ്പിലാക്കുന്നതിലൂടെ പല സംസ്ഥാനങ്ങളിലെയും നിയമസഭകളുടെ കാലാവധി മൂന്ന് മുതൽ നാല് വർഷം വരെ വെട്ടിച്ചുരുക്കപ്പെടാൻ സാധ്യതയുണ്ട്. ഡൽഹി പോലുള്ള കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒരു വർഷത്തോളം കാലാവധി കുറഞ്ഞേക്കാം.

2024 ഡിസംബറിലാണ് ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ലക്ഷ്യമിട്ടുള്ള ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള ശക്തമായ എതിർപ്പിനെ തുടർന്ന് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടുകയായിരുന്നു. ലോക്സഭയിൽ നിന്ന് 27 ഉം രാജ്യസഭയിൽ നിന്ന് 12 ഉം അംഗങ്ങൾ ഉൾപ്പെടെ 39 പേരാണ് ഈ സമിതിയിലുള്ളത്. ഭരണഘടനയുടെ 82, 83, 172, 327 എന്നീ അനുച്ഛേദങ്ങളിലാണ് ബില്ലിലൂടെ ഭേദഗതികൾ നിർദ്ദേശിച്ചിരിക്കുന്നത്.

​ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നതിലൂടെ രാജ്യത്തിന് വലിയ സാമ്പത്തിക ലാഭം ഉണ്ടാകുമെന്നും, പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതുവഴി വികസന പ്രവർത്തനങ്ങൾ ഇടയ്ക്കിടെ തടസ്സപ്പെടുന്നത് ഒഴിവാക്കാമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വാദം.
​അതേസമയം, അഞ്ച് വർഷത്തേക്ക് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുക എന്ന പൗരൻ്റെ ഭരണഘടനാപരമായ അവകാശത്തെ നിഷേധിക്കുന്നതാണ് ഈ ബിൽ എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പുകൾ നീട്ടിവെക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നൽകുന്നത് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. ലോക്‌സഭയുടെ കാലാവധിക്ക് അനുസൃതമായി സംസ്ഥാന നിയമസഭകളുടെ കാലാവധി നിശ്ചയിക്കുന്നത് കേന്ദ്രീകരണത്തിന് വഴിവെക്കുമെന്നും അവർ ആരോപിക്കുന്നു. 1967 വരെ രാജ്യത്ത് ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചായിരുന്നു തെരഞ്ഞെടുപ്പുകൾ നടന്നിരുന്നത്. പിന്നീട് പല സംസ്ഥാന സർക്കാരുകളും കാലാവധി പൂർത്തിയാക്കാതെ താഴെ വീണതോടെയാണ് ഈ ക്രമം തെറ്റിയത്.

Tags

Share this story