'ഒരു കേന്ദ്രമന്ത്രി, ദിവസം ഒരു സർവകലാശാല'; ജെൻസിയെ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി മോദി സർക്കാർ
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളുമായും വിദ്യാർഥികളുമായും നേരിട്ട് സംവദിക്കുന്നതിനായി പുതിയ ദേശീയതല പ്രചാരണ പരിപാടിയുമായി നരേന്ദ്ര മോദി സർക്കാർ. 'ഒരു ദിവസം, ഒരു സർവകലാശാല' (One Day, One University) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി കേന്ദ്രമന്ത്രിമാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സർവകലാശാലകൾ ദിവസവും സന്ദർശിക്കുകയും വിദ്യാർഥികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും.
പുതിയ തലമുറയായ ജെൻസി (Gen Z) ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കാനും അവരുടെ അഭിപ്രായങ്ങൾ നേരിട്ട് കേൾക്കാനുമാണ് ഈ സന്ദർശനങ്ങൾ. കൂടാതെ, വിദ്യാഭ്യാസം, തൊഴിൽ, യുവജനക്ഷേമം എന്നിവയ്ക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് വിദ്യാർഥികൾക്ക് അവബോധം നൽകുകയും ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി, യുവജനകാര്യ-കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ എന്നിവർക്കാണ് ഈ പദ്ധതി ഏകോപിപ്പിക്കുന്നതിന്റെ ചുമതല നല്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലും ഇത് സംബന്ധിച്ച ചർച്ചകൾ നടന്നതായി റിപ്പോർട്ടുകളുണ്ട്.
