പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം: എൽഡിഎഫ് കണ്‍വീനര്‍ ഔദ്യോഗിക തീരുമാനം അറിയിക്കും വരെ കാത്തിരിക്കും: ബിനോയ് വിശ്വം
ന്യൂഡല്‍ഹി: ഉപനേതൃ പദവി സംബന്ധിച്ച് കടുത്ത തീരുമാനങ്ങളിലേക്ക് സിപിഐ ഉടന്‍ പോകില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്ര നേതൃത്വത്തെ കാര്യങ്ങള്‍ ധരിപ്പിച്ചെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഔദ്യോഗിക തീരുമാനം അറിയിക്കും വരെ കാത്തിരിക്കും എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പതിപക്ഷ ഉപനേതാവ് തര്‍ക്കത്തില്‍ ഡല്‍ഹി യോഗത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്നാണ് നേതാക്കളുടെ തീരുമാനം. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം അവസാനിച്ചു. എന്നാല്‍ നിലപാടില്‍ മാറ്റം ഇല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
ഉപനേതാവ് ആവശ്യത്തില്‍ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉപനേതാവ് വിഷയം അല്ല ഇന്ന് ചര്‍ച്ച ചെയ്തതെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്.
എല്‍ഡിഎഫിനെ തകര്‍ക്കുന്ന ഒന്നും സിപിഐ ചെയ്യില്ലെന്ന് ബിനോയ് വിശ്വം നേരത്തെ പറഞ്ഞിരുന്നു. എല്‍ഡിഎഫ് സിപിഐയുടെ കുഞ്ഞാണെന്നും കുഞ്ഞിനെ ഹനിക്കുന്ന ഒന്നും സിപിഐ ചെയ്യില്ലെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ഉപനേതൃപദവിയില്‍ സിപിഐ ഉന്നിയിച്ച ആവശ്യത്തില്‍ ഉറച്ച് നില്‍ക്കും. പ്രത്യേക ബ്ലോക്കായി ഇരിക്കുമോ എന്നതിനെക്കുറിച്ച് സിപിഐക്ക് അറിയില്ലെന്നും സെക്രട്ടറി പറഞ്ഞിരുന്നു.
പ്രതിപക്ഷ ഉപനേതൃപദവിയില്‍ ബിനോയ് വിശ്വം പ്രകടിപ്പിച്ചത് പാര്‍ട്ടിയുടെ ആത്മവിശ്വാസമാണെന്ന് മുന്‍ മന്ത്രി കെ രാജന്‍ എംഎല്‍എയും പ്രതികരിച്ചിരുന്നു. സിപിഐ ശരിയായ ആവശ്യമാണ് ഉന്നയിച്ചത്. അക്കാര്യത്തില്‍ ഉറച്ചുനില്‍ക്കും. അര്‍ഹതപ്പെട്ടതാണ് സിപിഐ ചോദിച്ചത്. എല്‍ഡിഎഫിന്റെ സൃഷ്ടി സിപിഐയുടെ കൂടി ത്യാഗത്തിന്റെയും നിശ്ചയത്തിന്റെയും അടിസ്ഥാനത്തിലാണ്. അതുവിട്ട് ഞങ്ങള്‍ പോകുമെന്ന് തെറ്റിദ്ധരിക്കേണ്ടെന്നും കെ രാജന്‍ പ്രതികരിക്കുകയുണ്ടായി.
