പാർലമെന്റിലടക്കം പോരാട്ടം കടുപ്പിക്കാൻ പ്രതിപക്ഷം; പ്രധാനമന്ത്രി മോദിയും അമിത് ഷായും രാജിവെക്കണമെന്ന് കോൺഗ്രസ്
തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ബി.ജെ.പിക്കെതിരായ നീക്കങ്ങൾ കടുപ്പിച്ച് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ എന്നിവർ അടിയന്തരമായി രാജിവെക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി (സി.ഡബ്ല്യു.സി) ചൊവ്വാഴ്ച ആവശ്യപ്പെട്ടു.
'ഇന്ത്യ' മുന്നണി ബുധനാഴ്ച ഡൽഹിയിൽ യോഗം ചേരുമെന്നും തിരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുന്നതിൽ പ്രതിപക്ഷ നേതാക്കൾ അന്തിമ തീരുമാനമെടുക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. വിഷയം പാർലമെന്റിലും ശക്തമായി ഉന്നയിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ച പുതിയ റിപ്പോർട്ടുകൾ, വോട്ട് ചോരി വഴി രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയെ വ്യവസ്ഥാപിതമായി അട്ടിമറിക്കുന്നുവെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പുകൾ ശരിവെക്കുന്നതാണെന്ന് സി.ഡബ്ല്യു.സി പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ അടിയന്തര രാജി, വിവിധ സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ താല്ക്കാലികമായി നിർത്തിവെക്കൽ, വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത 13 കോടി 30 ലക്ഷം പേരുകൾ പുനഃസ്ഥാപിക്കൽ, പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും രാജി എന്നിവ പ്രവർത്തക സമിതി പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു.
മാതൃകാ പെരുമാറ്റച്ചട്ടം പക്ഷപാതപരമായി നടപ്പാക്കൽ, ഇ.വി.എമ്മുകളുടെ വിശ്വാസ്യത സംബന്ധിച്ച ആശങ്കകൾ, വോട്ടർ പട്ടികയിലെ ഏകപക്ഷീയമായ തിരുത്തലുകളും നീക്കം ചെയ്യലുകളും, സി.ഇ.സി നിയമന പ്രക്രിയയിലെ മാറ്റങ്ങൾ, സി.ഇ.സിക്ക് ആജീവനാന്ത സംരക്ഷണം നൽകൽ തുടങ്ങിയ വിഷയങ്ങളിലേക്ക് രാഹുൽ ഗാന്ധി നേരത്തെ തന്നെ രാജ്യത്തിന്റെ ശ്രദ്ധ ക്ഷണിച്ചിരുന്നുവെന്നും പ്രമേയത്തിൽ പറയുന്നു.
മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുമായി കൂടിയാലോചിക്കാതെ സി.ഇ.സി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു വ്യക്തിയുടെ മാത്രം വേദിയായി മാറിയെന്ന വിവരങ്ങൾ ഇന്ത്യൻ തിരഞ്ഞെടുപ്പിന്റെ സുതാര്യതയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു. എസ്.ഐ.ആറിൽ ഉപയോഗിക്കുന്ന ഫോം 6 ൽ വരുത്തിയ അനധികൃതവും നിയമവിരുദ്ധവുമായ മാറ്റങ്ങൾ ചൂണ്ടിക്കാട്ടി രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ കഴിഞ്ഞ പത്ത് മാസത്തിനിടെ 14 തവണ എതിർപ്പുകൾ ഉന്നയിച്ചതായി റിപ്പോർട്ടുണ്ട്.
ഇത് സ്ഥാപനപരമായ അധികാര ദുർവിനിയോഗത്തെ തുറന്നുകാട്ടുന്നു. രാജ്യവ്യാപകമായി നടക്കുന്ന എസ്.ഐ.ആറിലൂടെ വോട്ടർ പട്ടികകളുടെ നിയന്ത്രണം ബി.ജെ.പി അനുകൂല ഉദ്യോഗസ്ഥരിലേക്ക് കേന്ദ്രീകരിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് എന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.
