ക്ലോഡ് എഐ ഉപയോഗിച്ച് ഓപ്പൺ എഐ സിസ്റ്റം ഹാക്ക് ചെയ്തു; ഇന്ത്യൻ ഗവേഷകർക്ക് 6.2 ലക്ഷം രൂപ പാരിതോഷികം

op

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ പ്രമുഖ കമ്പനിയായ ഓപ്പൺ എഐയുടെ (OpenAI) സുരക്ഷാ പോരായ്മകൾ കണ്ടെത്തി സിസ്റ്റത്തിൽ കടന്നുകയറി ഇന്ത്യൻ വംശജരായ ഗവേഷകർ. ആന്ത്രോപിക്കിന്റെ 'ക്ലോഡ് എഐ' (Claude AI) മോഡൽ ഉപയോഗിച്ചാണ് ഹാക്ക്ട്രോൺ (Hacktron) എന്ന സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പിലെ ഗവേഷകരായ ഹർഷ് ജയ്‌സ്വാൾ, മോഹൻ പെധാപതി, രാഹുൽ മൈനി എന്നിവർ ഓപ്പൺ എഐയുടെ സുരക്ഷാ വീഴ്ച തുറന്നുകാട്ടിയത്.

​72 മണിക്കൂറിനുള്ളിൽ നടത്തിയ ഈ പരീക്ഷണത്തിൽ ജീവനക്കാരുടെ ചാറ്റ്ജിപിടി (ChatGPT), കോഡെക്സ് (Codex) അക്കൗണ്ടുകളിലേക്കും ഓപ്പൺ എഐയുടെ ആന്തരിക ഗിറ്റ്ഹബ്ബ് (GitHub) കോഡ്ബേസിലേക്കും പ്രവേശനം നേടാൻ ഗവേഷകർക്കായി. സുരക്ഷാ തകരാർ തിരിച്ചറിഞ്ഞ ഉടൻ തന്നെ വിവരം ഓപ്പൺ എഐയെ അറിയിക്കുകയും കമ്പനി 14 മണിക്കൂറിനുള്ളിൽ ഈ പോരായ്മ പരിഹരിക്കുകയും ചെയ്തു.

​തുടർന്ന്, കമ്പനിയുടെ ബഗ് ബൗണ്ടി (Bug Bounty) പ്രോഗ്രാമിന്റെ ഭാഗമായി 6,500 ഡോളർ (ഏകദേശം 6.2 ലക്ഷം രൂപ) ഗവേഷകർക്ക് പാരിതോഷികമായി നൽകി.

Tags

Share this story