പാക് അധീന കശ്മീരും ജിഎസ്ടിക്കു കീഴിൽ; വ്യാപാരികളുടെ ഹർജി തള്ളി ജമ്മു കശ്മീർ ഹൈക്കോടതി

കാശ്മീർ

ശ്രീനഗർ: പാക് അധീന കശ്മീരുമായുള്ള വ്യാപാര ഇടപാടുകൾ ജിഎസ്ടി നിയമത്തിനു കീഴിലെന്നു ജമ്മു കശ്മീർ, ലഡാഖ് ഹൈക്കോടതി. പാക് അധീന കശ്മീർ നിയമപരമായി അവിഭക്ത ജമ്മു കശ്മീരിന്‍റെ ഭാഗമാണെന്ന് വ്യക്തമാക്കിയാണു ഹൈക്കോടതിയുടെ വിധി.

2017-19ൽ നിയന്ത്രണ രേഖയ്ക്കപ്പുറത്തേക്ക് ബാർട്ടർ, വിതരണ ഇടപാടുകൾ നടത്തിയിരുന്ന വ്യാപാരികളോട് ജിഎസ്ടി ആവശ്യപ്പെട്ട് നികുതിവകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരേ വ്യാപാരികൾ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ സഞ്ജീവ് കുമാർ, സഞ്ജയ് പരിഹാർ എന്നിവരുൾപ്പെട്ട ബെഞ്ചിന്‍റെ സുപ്രധാന ഉത്തരവ്.

നിലവിൽ പാക്കിസ്ഥാന്‍റെ കൈവശമെങ്കിലും കശ്മീരിന്‍റെ ഈ ഭാഗം ജമ്മു കശ്മീർ സംസ്ഥാനത്തിന്‍റെ ഭാഗമാണ്. ഈ സാഹചര്യത്തിൽ ഇവിടെ നടക്കുന്ന വ്യാപാരം സംസ്ഥാനാന്തര ഇടപാടിന്‍റെ ഗണത്തിലേ വരൂ. നിലവിലെ ജിഎസ്ടി നിയമപ്രകാരം ഈ ഹർജി പരിഗണിക്കാനാവില്ല. അതിനാൽ 2017ലെ സിജിഎസ്ടി നിയമപ്രകാരമുള്ള പരിഹാരം തേടാൻ ഹർജിക്കാരോട് ഹൈക്കോടതി നിർദേശിച്ചു.

ഇസ്‌ലാമാബാദ്- ഉറി, റവാലക്കോട്ട് (പാക് അധീന കശ്മീർ)- ചക്കൻ ഡ ബാഗ് (പൂഞ്ച്) വ്യാപാരം ഇന്ദത്യയും പാക്കിസ്ഥാനും അംഗീകരിച്ചിട്ടുള്ളതാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഈ ഇടപാടുകൾ ബാർട്ടർ സമ്പ്രദായത്തിലുള്ളതാണെന്നും പണം വിനിമയം ചെയ്യുന്നില്ലെന്നും ഹർജിക്കാർ പറഞ്ഞു.

Tags

Share this story