പാർലമെന്റ് ആക്രമണം: പ്രതികൾ ലക്ഷ്യമിട്ടത് രാഷ്ട്രീയ പാർട്ടി രൂപീകരണമെന്ന് പോലീസ്

പാർലമെന്റിൽ ആക്രമണം നടത്തിയവർ മാധ്യമശ്രദ്ധ നേടാനും രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനും ആഗ്രഹിച്ചതായി പോലീസ്. തങ്ങളുടെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാനുള്ള മാർഗമെന്ന നിലയിലാണ് പാർലമെന്റ് ആക്രമണം നടത്തിയത്. പാർലമെന്റിന് പുറത്ത് സ്വയം തീ കൊളുത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് പ്രധാന പ്രതി സാഗർ ശർമ മൊഴി നൽകി. പിന്നീട് ഇത് ഉപേക്ഷിക്കുകയായിരുന്നു

ബുധനാഴ്ച പാർലമെന്റിന്റെ സന്ദർശക ഗ്യാലറിയിൽ നിന്ന് താഴേക്ക് ചാടിയ രണ്ട് പേരിൽ ഒരാളാണ് സാഗർ ശർമ. ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനും മാധ്യമശ്രദ്ധ നേടുന്നതിനും അവർക്ക് എന്തെങ്കിലും ചെയ്യണമായിരുന്നു. അവരുടെ പ്രത്യയശാസ്ത്രം പൊരുത്തപ്പെടാത്തതിനാൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായും ഒത്തുചേരാൻ അവർ ആഗ്രഹിച്ചില്ല. പാർലമെന്റിന് പുറത്ത് സ്വയം തീകൊളുത്താൻ സംഘം പദ്ധതിയിട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു.

ലോക്സഭയിൽ നിന്ന് പിടികൂടിയ സാഗർ ശർമ, ഡി മനോരഞ്ജൻ എന്നിവരെയും പാർലമെന്റിന് പുറത്ത് അറസ്റ്റിലായ നീലം ദേവി, അമോൽ ഷിൻഡെ പിന്നീട് കീഴടങ്ങിയ മുഖ്യസൂത്രധാരൻ ലളിത് ഝാ, ഇയാളെ സഹായിച്ച മഹേഷ്, കൈലാഷ് എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്.

Share this story