ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലിയുള്ള പാർലമെന്റ് സ്തംഭനാവസ്ഥയ്ക്ക് വിരാമം; നിർണായക ബില്ലുകൾ പാസാക്കാൻ കേന്ദ്ര സർക്കാർ

പാർലമെൻ്റ്

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് പാർലമെന്റിൽ നിലനിന്നിരുന്ന സ്തംഭനാവസ്ഥയ്ക്ക് വിരാമമാകുന്നു. വിദ്യാർഥികളുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതിനെത്തുടർന്ന്, തിങ്കളാഴ്ച മുതൽ പാർലമെന്റ് നടപടികൾ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

​പ്രതിഷേധങ്ങൾ അവസാനിക്കുന്നതോടെ നിർണായക ബില്ലുകൾ സഭയിൽ അവതരിപ്പിച്ച് പാസാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. പരീക്ഷാ തട്ടിപ്പുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിനായി കൂടുതൽ കടുപ്പമേറിയ വ്യവസ്ഥകളോടെയുള്ള 'പൊതുപരീക്ഷാ (അനഭിലഷണീയ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026' കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ലോകസഭയിൽ അവതരിപ്പിക്കും.

പ്രധാന മാറ്റങ്ങൾ:

​കേസ് അന്വേഷണം രണ്ട് മാസത്തിനകവും വിചാരണ മൂന്ന് മാസത്തിനകവും പൂർത്തിയാക്കണം.

​പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികാരം.

​ചോദ്യപേപ്പർ ചോർച്ചയിൽ പങ്കാളികളാകുന്ന വ്യക്തികൾക്കും കോച്ചിംഗ് സെന്ററുകൾക്കും വൻ തുക പിഴയും തടവുശിക്ഷയും.

​അന്തർസംസ്ഥാന ബന്ധമുള്ള പരീക്ഷാ തട്ടിപ്പുകൾ അന്വേഷിക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ്.

​ഇതിനുപുറമെ ആദായനികുതി ഭേദഗതി ബിൽ, എം.എസ്.എം.ഇ ഭേദഗതി ബിൽ, ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ ഉൾപ്പെടെയുള്ള മറ്റ് പ്രധാന ബില്ലുകളും നടപ്പു മൺസൂൺ സമ്മേളനത്തിൽ പരിഗണനയ്ക്ക് വരും. ജൂലൈ 20-ന് ആരംഭിച്ച പാർലമെന്റ് മൺസൂൺ സമ്മേളനം ഓഗസ്റ്റ് 13 വരെ തുടരും.

Tags

Share this story