പാർലമെന്റ് സർക്കാരിന്റെ ബില്ലുകൾ ഒട്ടിക്കാനുള്ള നോട്ടീസ് ബോർഡല്ല; രൂക്ഷവിമർശനവുമായി ശശി തരൂർ
ന്യൂഡൽഹി: പാർലമെന്റിൽ നിർണായക വിഷയങ്ങളിൽ ചർച്ച അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ. പാർലമെന്റ് എന്നത് സർക്കാരിന് അവരുടെ ബില്ലുകൾ പ്രഖ്യാപിക്കാനും പാസാക്കാനുമുള്ള വെറും നോട്ടീസ് ബോർഡായി മാറരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേട്, അയോധ്യയിലെ ഫണ്ട് തിരിമറി വിവാദം തുടങ്ങിയ അടിയന്തര പ്രാധാന്യമുള്ള ജനകീയ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന്മേൽ ഒരു സംവാദത്തിന് സർക്കാർ തയ്യാറാകുന്നില്ലെന്ന് തരൂർ കുറ്റപ്പെടുത്തി. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന് അവരുടെ കാര്യങ്ങൾ പറയാൻ അവകാശമുണ്ടെന്നും, ജനങ്ങളുടെ ശബ്ദം പ്രതിഫലിപ്പിക്കേണ്ട വേദിയാണ് പാർലമെന്റെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ചർച്ചകളെ സർക്കാർ ഭയപ്പെടുന്നത് എന്തിനാണെന്നും തരൂർ ചോദിച്ചു.
