ശരദ് പവാറിന്റെ രാജി പാർട്ടി ഐക്യകണ്‌ഠേന തള്ളി; ആഹ്ലാദ പ്രകടനവുമായി എൻ സി പി പ്രവർത്തകർ

pawar

എൻ സി പി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള ശരദ് പവാറിന്റെ രാജി പാർട്ടി ഐക്യകണ്‌ഠേന തള്ളി. ഇന്ന് മുംബൈയിൽ പാർട്ടിയുടെ ഉന്നത നേതാക്കളടങ്ങിയ പാനൽ യോഗം ചേർന്നാണ് രാജി തള്ളിയത്. സ്വയം തീ കൊളുത്താനുള്ള ശ്രമമടക്കം പാർട്ടി പ്രവർത്തകരിൽ നിന്നുണ്ടായ വൈകാരിക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം

തന്റെ പിൻഗാമിയെ തെരഞ്ഞെടുക്കാൻ ശരദ് പവാർ ചുമതലപ്പെടുത്തിയ 18 അംഗ സമിതി യോഗം ചേർന്നാണ് പവാർ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് തീരുമാനിച്ചത്. എന്നാൽ പാർട്ടി തലവനായി തുടരുന്നത് സംബന്ധിച്ച് ചിന്തിക്കാൻ തനിക്ക് സമയം ആവശ്യമാണെന്ന് പവാർ അറിയിച്ചു

പവാർ തുടരുമെന്ന വാർത്ത പരന്നതിന് പിന്നാലെ പാർട്ടി ആസ്ഥാനത്തിന് പുറത്ത് തടിച്ചുകൂടിയ പ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിച്ച് രംഗത്തുവന്നു. ആത്മഹത്യാ ഭീഷണി മുഴക്കി നിന്ന പ്രവർത്തകർ വരെ പുതിയ തീരുമാനം അറിഞ്ഞതോടെ പടക്കം പൊട്ടിച്ചും പൂക്കൾ വിതറിയുമാണ് ആഘോഷത്തിലേർപ്പെട്ടത്.
 

Share this story