പാസ്‌പോർട്ട് പൗരത്വത്തിനുള്ള തെളിവല്ല; വെറുമൊരു യാത്രാരേഖ മാത്രം: കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അത് വെറുമൊരു യാത്രാരേഖ (Travel Document) മാത്രമാണെന്നും വ്യക്തമാക്കി കേന്ദ്ര സർക്കാർ. 14-ാമത് പാസ്‌പോർട്ട് സേവാ ദിവസിനോടനുബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിലെ (MEA) ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വിവിധ ദേശീയ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
പല സർക്കാർ ഏജൻസികളിൽ നിന്നുള്ള രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് പാസ്‌പോർട്ട് അനുവദിക്കുന്നതെങ്കിലും, അത് പൗരത്വം ഉറപ്പാക്കുന്ന അന്തിമ തെളിവായി കണക്കാക്കാൻ കഴിയില്ലെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. മുൻപ് ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി എന്നിവയും പൗരത്വത്തിനുള്ള രേഖകളല്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇവയെല്ലാം വ്യക്തിത്വം (Identity) തെളിയിക്കാനുള്ള രേഖകൾ മാത്രമാണ്.
കേന്ദ്ര സർക്കാരിന്റെ ഈ പുതിയ പ്രസ്താവനയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ആശയക്കുഴപ്പങ്ങളുമാണ് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ രംഗത്തും ഉയരുന്നത്. ആധാർ, വോട്ടർ ഐഡി, പാസ്‌പോർട്ട് എന്നിവയൊന്നും പൗരത്വ രേഖകൾ അല്ലെങ്കിൽ, പിന്നെ ഇന്ത്യയിൽ പൗരത്വം തെളിയിക്കാൻ എന്താണ് ഉപയോഗിക്കേണ്ടതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ നിലപാടിനെതിരെ ശിവസേന (UBT) നേതാവ് ആദിത്യ താക്കറെ, പ്രശസ്ത തിരക്കഥാകൃത്ത് ജാവേദ് അക്തർ തുടങ്ങിയ പ്രമുഖർ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് രാജ്യം പാസ്‌പോർട്ട് നൽകുമോ എന്നും, പോലീസ് വെരിഫിക്കേഷൻ ഉൾപ്പെടെയുള്ള കർശനമായ നടപടികൾക്ക് ശേഷവും ഇതിനെ വെറുമൊരു യാത്രാരേഖ എന്ന് വിളിക്കുന്നത് വിഡ്ഢിത്തമാണെന്നും അവർ വിമർശിച്ചു. ഈ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ മറ്റ് രാജ്യങ്ങൾക്കിടയിൽ ഇന്ത്യൻ പാസ്‌പോർട്ടിന്റെ വിശ്വാസ്യതയെക്കുറിച്ച് സംശയങ്ങൾ ഉണ്ടാക്കാൻ ഇടയാക്കുമെന്നും രാഷ്ട്രീയ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
