പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: ബാബ രാംദേവ് നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

ramdev

പതഞ്ജലി ആയുർവേദിന്റെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരായ കേസിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നേരിട്ട് ഹാജരാകാൻ ബാബാ രാംദേവിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. പതഞ്ജലി ആയുർവേദിന്റെ മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവർക്കുമെതിരെ കോടതിയലക്ഷ്യ നോട്ടീസും നൽകിയിട്ടുണ്ട്.

നേരത്തെ നിർദ്ദേശങ്ങൾ നൽകിയിട്ടും കേസിൽ മറുപടി ഫയൽ ചെയ്യാത്തതിനെ തുടർന്നാണ് ജസ്റ്റിസുമാരായ ഹിമ കോഹ്ലിയുടെയും അമാനുല്ലയുടെയും ബെഞ്ചിന്റെ നടപടി. ബാബാ രാംദേവിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടതിന് പുറമെ കോടതിയലക്ഷ്യത്തിന് പ്രോസിക്യൂട്ട് ചെയ്യാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. 

പതഞ്ജലി ആയുർവേദ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജിയിലാണ് കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരിക്കുന്നത്. കോടതിയലക്ഷ്യ നോട്ടീസിൽ ഇതുവരെ മറുപടി ഫയൽ ചെയ്യാത്തത് എന്തുകൊണ്ടെന്ന് ബാബ രാംദേവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗിയോട് വാദം കേൾക്കുന്നതിനിടെ കോടതി ചോദിച്ചു. ബാബാ രാംദേവിനെ കേസിൽ കക്ഷിയാക്കരുതെന്ന റോത്തഗിയുടെ ആവശ്യം കോടതി നിരസിച്ചു. 

Share this story