പവൻ കല്യാണിനെതിരായ പരിഹാസം: പ്രകാശ് രാജിന് എതിരെ ആഞ്ഞടിച്ച് ബാൻഡ്‌ല ഗണേഷ്
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേനാ പാർട്ടി അധ്യക്ഷനുമായ പവൻ കല്യാണിന്റെ തെലങ്കാന രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച നടൻ പ്രകാശ് രാജിന് എതിരെ നിർമാതാവും നടനുമായ ബാൻഡ്‌ല ഗണേഷ് രംഗത്ത്. എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെയാണ് ബാൻഡ്‌ല ഗണേഷ് പ്രകാശ് രാജിനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്.
തെലങ്കാനയിൽ ജനസേന വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുമെന്ന് പവൻ കല്യാൺ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് പ്രകാശ് രാജ് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചു:
"വരൂ പ്രഭൂ വരൂ... പക്ഷെ വരുന്നതിന് മുൻപ് വെറുതെ അങ്ങ് മത്സരിക്കാൻ വരികയാണോ, അതോ സഖ്യത്തോടെയാണോ അതോ ഒറ്റയ്ക്കാണോ മത്സരിക്കുന്നത് എന്ന് വ്യക്തമാക്കണം. നിങ്ങൾ വരികയാണെന്ന് പറഞ്ഞാൽ ഞങ്ങൾ വേണ്ടെന്ന് പറയുമോ?"
പവൻ കല്യാണിന്റെ കടുത്ത ആരാധകനായ ബാൻഡ്‌ല ഗണേഷിനെ ഈ പരാമർശം ചൊടിപ്പിച്ചു. പ്രകാശ് രാജിന്റെ സ്വത്വത്തെയും പശ്ചാത്തലത്തെയും ചോദ്യം ചെയ്തുകൊണ്ടായിരുന്നു ബാൻഡ്‌ല ഗണേഷിന്റെ മറുപടി.
ബാൻഡ്‌ല ഗണേഷിന്റെ വാക്കുകൾ:
"എല്ലാ കാര്യങ്ങളിലും ഇടപെടാൻ താൻ ആരാണ്? തമിഴനാണോ, തെലുങ്കനാണോ അതോ കന്നഡിക്കാരനാണോ? തന്നെയൊക്കെ ഏത് നാട്ടുകാരനായാണ് കൂട്ടേണ്ടത്? എല്ലാ നാട്ടിലെയും എല്ലാ വിഷയങ്ങളിലും ഇടപെട്ട് വിധി പ്രസ്താവിക്കാൻ താൻ എന്താ കളക്ടറോ അതോ രാജ്യത്തിന്റെ പ്രധാനമന്ത്രിയോ ആണോ? എവിടെ നോക്കിയാലും ഏത് വിഷയം വന്നാലും അവിടെയൊക്കെ താനുണ്ടല്ലോ. സ്വന്തം കാര്യം നോക്കാൻ പണിയില്ലെങ്കിൽ പോയി വല്ല പണിയും നോക്ക്, അല്ലാതെ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് ഇവിടെ വലിയ ഹീറോ ആകാൻ നോക്കേണ്ട. ലോകം മാറ്റാൻ ഇറങ്ങുന്നതിന് മുൻപ് സ്വന്തം വിലാസം എന്താണെന്ന് പോയി നോക്ക്!"
