സമാധാനം തകര്‍ക്കാന്‍ മഅദനിക്കാവും, സുരക്ഷ വെട്ടിക്കുറക്കില്ല; അകമ്പടി ചെലവ് തയാറാക്കിയത് യതീഷ് ചന്ദ്രയുടെ ശുപാര്‍ശയില്‍: കടുത്ത നിലപാടുമായി കര്‍ണാടക സുപ്രീംകോടതിയില്‍

Case

ബെംഗളൂരു സ്‌ഫോടന കേസില്‍ ആരോപണ വിധേയനായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ സുരക്ഷവെട്ടിക്കുറച്ച് കേരളത്തിലേക്ക് അയക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. നേരത്തെ നിശ്ചയിച്ച അത്രയും സുരക്ഷ ഉദ്യോഗസ്ഥരുടെ അടമ്പടിയോടെയെ മഅദനിയെ കേരളത്തിലേക്ക് അയക്കൂ. ഇതിനായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറായ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ഉള്ള സംഘം കേരളം സന്ദര്‍ശിച്ചാണ് സുക്ഷ വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള മുന്നെരുക്കമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നും കര്‍ണാടക സുപ്രീംകോടതിയെ അറിയിച്ചു.

കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷയ്ക്കും അകമ്പടിക്കുമായി 56.63 ലക്ഷം രൂപ നല്‍കണമെന്നുള്ള കര്‍ണാടക പൊലീസിന്റെ ആവശ്യത്തിനെതിരെ അബ്ദുള്‍ നാസര്‍ മഅദനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇരുപത് പൊലീസുകാരാണ് അകമ്പടിയായി മഅദനിക്കൊപ്പം കേരളത്തിലേക്ക് പോകുന്നത്. ഇവരുടെ ചെലവിനായി പ്രതിമാസം 20.23 ലക്ഷം രൂപയാണ് കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടത്. ഇത് വെട്ടി കുറയ്ക്കണം എന്നായിരുന്നു മഅദനിയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കരുതെന്ന് കര്‍ണാടക ഭീകര വിരുദ്ധ സെല്ലിന്റെ അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. സുമീത് എ.ആര്‍ സുപ്രീം കോടതിയിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അകമ്പടി ചെലവ് കണക്കാക്കിയത് സര്‍ക്കാരിന്റെ ചട്ടങ്ങള്‍ പ്രകാരമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

അസുഖ ബാധിതനായ മാതാപിതാക്കളെ കാണുന്നതിനാണ് മഅദനിക്ക് കര്‍ണാടക പൊലീസിന്റെ അകമ്പടിയോടെ കേരളത്തിലേക്ക് പോകുന്നതിന് സുപ്രീം കോടതി അനുമതി നല്‍കിയതെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ വാദം. എന്നാല്‍ പൊലീസിന് നല്‍കിയ അപേക്ഷയില്‍ കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്നാണ് മഅദനി രേഖപെടുത്തിയിരിക്കുന്നത്. അതിനാല്‍, സുരക്ഷവെട്ടിക്കുറിച്ച് അദേഹത്തെ കേരളത്തിലേക്ക് വിടാനാകില്ല.

നിരോധിത സംഘടനയായ സിമിയിലെ അംഗമാണ് മഅദനിയെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കുനന്നു യു.എ.പി.എ നിയമ പ്രകാരം നിരോധിച്ചിട്ടുള്ള ലഷ്‌കര്‍ ഇ തോയ്യ്ബ, ഇന്ത്യന്‍ മുജാഹദീന്‍ എന്നീ സംഘടനകളുമായും മഅദനിക്ക് ബന്ധമുണ്ട്. കനത്ത സുരക്ഷ അകമ്പടിയില്ലാതെ നാട്ടിലേക്ക് പോകാന്‍ അനുവദിച്ചാല്‍ ഈ നിരോധിത സംഘടനകളുമായി മഅദനി ബന്ധപ്പെടാന്‍ സാധ്യതയുണ്ട്. ഇത് സാക്ഷികളെ സ്വാധീനിക്കാനും, ഒളിവിലുള്ള പ്രതികളുടെ അറസ്റ്റ് വൈകിപ്പിക്കുന്നതിനും ഇടവരുത്തിയേക്കുമെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ക്രമസമാധാന പ്രശനങ്ങളുണ്ടാക്കി സമാധാനം തകര്‍ക്കാന്‍ മഅദനിക്കാകും. അതിനാല്‍ അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സാധിക്കില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.

Share this story