നിങ്ങളുടെ ഭരണം ആവശ്യമില്ലെന്ന് ജനങ്ങൾ വിധിയെഴുതി, ഇത് മോദിക്കുള്ള വലിയ സന്ദേശം: രാഹുൽ

Rahul

ന്യൂഡൽഹി: ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ് നടന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദിയെയും അമിത് ഷായെയും രാജ്യം നയിക്കാൻ ആവശ്യമില്ലെന്ന് ജനങ്ങൽ പറഞ്ഞു കഴിഞ്ഞു. രഹസ്യാന്വേഷണ ഏജൻസികളെയടക്കം നിയന്ത്രണത്തിലാക്കിയതിനെതിരെയാണ് പോരാട്ടം നടത്തിയത്. ഭരണഘടനയെ സംരക്ഷിക്കാനായി കൈകോർത്ത എല്ലാ പ്രവർത്തകർക്കും ഇന്ത്യാ സഖ്യത്തിന്‍റെ നേതാക്കൾക്കും നന്ദിപറയുന്നുവെന്ന് രാഹുൽഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് ഫലം മോദിക്കുള്ള വലിയ സന്ദേശമാണ്. വാഗ്ദാനങ്ങൾ പാലിക്കും. ഫലപ്രഖ്യാപനത്തിനു ശേഷം അദാനിയുടെ സ്റ്റോക്ക് നോക്കൂ. മോദി പോയപ്പോൾ അദാനിയും പോയെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ വിജയമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. ജനവിധി മോദിക്കെതിരാണ്. ബിജെപി മോദിക്കായി വോട്ട് ചോദിച്ചപ്പോൾ കോൺഗ്രസ് ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി. പ്രതികൂല സാഹചര്യത്തിലാണ് കോൺഗ്രസ് വിജയിച്ചതെന്നും ഖാർഗെ പറഞ്ഞു.

Share this story