ജനങ്ങള്‍ ഉചിതമായ മറുപടി കൊടുക്കും: മനീഷ് സിസോദിയയുടെ അറസ്റ്റില്‍ അരവിന്ദ് കേജ്രിവാള്‍

Aravind

ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ഇതെല്ലാം കാണുകയാണെന്നും, ജനങ്ങള്‍ ഉചിതമായ മറുപടി കൊടുക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. മദ്യ നയ കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിസോദിയയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു അരവിന്ദ് കേജ്രിവാളിന്‍റെ പ്രതികരണം.

രാജ്യസേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച യഥാര്‍ഥ രാജ്യഭക്തനാണു മനീഷ് സിസോദിയ. സത്യസന്ധരായ ആളുകളെ ജയിലില്‍ അയക്കുന്ന രീതിയാണ് ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്നത്. എന്നാല്‍ രാജ്യത്തെ കൊള്ളയടിക്കുന്നവര്‍ ആദരിക്കപ്പെടുകയും, ഗവണ്‍മെന്‍റിനാല്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഒരിടത്തും ഏകാധിപതിയുടെ ഭരണത്തെ ദീര്‍ഘകാലം ജനാധിപത്യം സഹിച്ച ചരിത്രമില്ല. ഈ രാജ്യം ബിജെപിക്ക് അധികം വൈകാതെ തന്നെ ഉചിതമായ മറുപടി കൊടുക്കും, അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.

എട്ടു മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റ് സിബിഐ ഇന്നലെ രാത്രിയോടെ രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലുമായി അദ്ദേഹം സഹകരിച്ചില്ലെന്നു സിബിഐ വ്യക്തമാക്കി. അതേസമയം അറസ്റ്റില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.

Share this story