സിജെപി മാർച്ച് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി; ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: സിജെപി മാര്‍ച്ച് വിലക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. ശനിയാഴ്ചത്തെ മാര്‍ച്ച് തടയണമെന്ന ഹര്‍ജിയില്‍ ഇടപെട്ടില്ല. ക്രമസമാധാനം പൊലീസിന്റെ പരിധിയില്‍ വരുന്ന കാര്യമെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. അന്ന് നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടി ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഹര്‍ജിയില്‍ കേന്ദ്രത്തിനും ഡല്‍ഹി പൊലീസിനും കോടതി നോട്ടീസ് അയച്ചു. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കണമെന്ന ആവശ്യവും കോടതി അനുവദിച്ചിട്ടില്ല.
നിര്‍ദ്ദിഷ്ട റാലി അക്രമാസക്തമാകുമെന്ന് കരുതാന്‍ തക്കതായ സാഹചര്യങ്ങളൊന്നും നിലവിലില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. അതേസമയം റാലി നടത്താമോ എന്നും ഏതെല്ലാം നിബന്ധനകള്‍ക്ക് വിധേയമായിട്ടാകണം എന്നും തീരുമാനിക്കേണ്ടത് അധികൃതരാണെന്നും കോടതി വ്യക്തമാക്കി.
എല്ലാവരും സമാധാനപരമായും നിയമവിധേയമായും പെരുമാറണമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമൊന്നുമില്ല. നിലവില്‍, ഇതിന് വിരുദ്ധമായി എന്തെങ്കിലും കരുതാനോ അനുമാനിക്കാനോ തക്കതായ സാഹചര്യങ്ങളൊന്നും ഞങ്ങളുടെ മുന്നിലില്ല,' എന്നായിരുന്ന ബെഞ്ച് പറഞ്ഞത്. ഡല്‍ഹി - കേന്ദ്ര സര്‍ക്കാരുകളാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത്. അതുകൊണ്ടാണ് സര്‍ക്കാരുകള്‍ക്ക് ഇതിന്റെ പകര്‍പ്പുകള്‍ നല്‍കണമെന്ന് ഞങ്ങള്‍ പറയുന്നത് എന്നും കോടതി വ്യക്തമാക്കി.
ഇന്ത്യാ ഗേറ്റില്‍ നിന്ന് ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്ക് സെപ്റ്റംബര്‍ 5-ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള മാര്‍ച്ച് സമാധാനപരമായിരിക്കുമെന്നാണ് സിജെപി അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 24-നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടര്‍ന്നും പിന്നീട് നടത്തിയ പുനഃപരീക്ഷയെത്തുടര്‍ന്നും ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളും, ജൂലൈ 20-ലെ സമരത്തിനിടെ പൊലീസ് അതിക്രമങ്ങള്‍ നേരിട്ടെന്ന് ആരോപിക്കുന്നവരുമാണ് ഈ മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത് എന്നും സിജെപി വ്യക്തമാക്കിയിട്ടുണ്ട്. ജന്തര്‍ മന്തറില്‍ 36 ദിവസം നീണ്ടുനിന്ന സമരം പിന്‍വലിക്കാന്‍ കാരണമായ ജൂലൈ 25-ലെ ഉറപ്പുകള്‍ പാലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ഈ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
