പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് നിരോധനം, ഇലക്ട്രിക്കിലേക്ക് മാറാൻ നിർദ്ദേശം
ന്യൂഡൽഹി: രാജ്യ തലസ്ഥാന നഗരിയിലെ വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി വൻ മാറ്റങ്ങളുമായി ഡൽഹി സർക്കാർ. 2026-2030 കാലയളവിലേക്കുള്ള പുതിയ ഇലക്ട്രിക് വാഹന നയത്തിൻ്റെ കരട് ഗതാഗത വകുപ്പ് പുറത്തിറക്കി. പെട്രോൾ, ഡീസല്‍ വാഹനങ്ങൾക്ക് ഘട്ടംഘട്ടമായി നിയന്ത്രണം ഏർപ്പെടുത്തി ഇലക്ട്രിക് വാഹനങ്ങളിലേക്ക് പൂർണമായി മാറാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
2028 ഏപ്രിൽ 1 മുതൽ ഡൽഹിയിൽ പുതിയ പെട്രോൾ ഇരുചക്ര വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ല. പകരം ഇലക്ട്രിക് മോഡലുകൾ മാത്രമേ അനുവദിക്കൂ. 2027 ജനുവരി 1 മുതൽ പുതിയ ഇലക്ട്രിക് ത്രീ-വീലറുകൾക്ക് മാത്രമേ രജിസ്ട്രേഷൻ നൽകുകയുള്ളൂ. സ്വിഗ്ഗി, സൊമാറ്റോ പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി വാഹനങ്ങളും ടാക്‌സികളും 2026 ജനുവരി 1 മുതൽ പുതിയ ഇന്ധന വാഹനങ്ങൾ (ICE) ഉപയോഗിക്കാൻ പാടില്ല. നിലവിലുള്ള ബിഎസ്-6 (BS-VI) ഇരുചക്ര വാഹനങ്ങൾക്ക് 2026 ഡിസംബർ 31 വരെ മാത്രമേ അനുമതി നൽകൂവെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.
ഡൽഹിയിലെ വായുമലിനീകരണത്തിൻ്റെ ഏകദേശം 23 ശതമാനവും വാഹനങ്ങളിൽ നിന്നുള്ള പുകയാണ്. ഇത് കുറയ്ക്കുന്നതിനും ശുദ്ധമായ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ പുതിയ നയം ലക്ഷ്യമിടുന്നത്. ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരമുള്ള ‘ശുദ്ധവായുവിനുള്ള അവകാശം’ എന്ന ആശയത്തിൽ നിന്നാണ് ഈ നയം രൂപപ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങൾ വാങ്ങുന്നവർക്കായി ബാറ്ററിയുടെ ശേഷിക്ക് അനുസരിച്ചുള്ള ആനുകൂല്യങ്ങളും കരട് നയത്തിൽ നിർദ്ദേശിക്കുന്നുണ്ട്.
2.25 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ആദ്യവർഷം ഒരു kWh-ന് 10,000 രൂപ എന്ന നിരക്കിൽ (പരമാവധി 30,000 രൂപ) സബ്‌സിഡി ലഭിക്കും. രണ്ടാം വർഷം ഇത് 6,600 രൂപയായും (പരമാവധി 20,000 രൂപ), മൂന്നാം വർഷം 3,300 രൂപയായും (പരമാവധി 10,000 രൂപ) കുറയും.
ത്രീ-വീലറുകൾക്ക് ആദ്യവർഷം 50,000 രൂപയും രണ്ടാം വർഷം 40,000 രൂപയും മൂന്നാം വർഷം 30,000 രൂപയും ആനുകൂല്യം ലഭിക്കാം. ചരക്ക് വാഹനങ്ങൾക്ക് (N1 കാറ്റഗറി) ആദ്യവർഷം ഒരു ലക്ഷം രൂപയും രണ്ടാം വർഷം 75,000 രൂപയും മൂന്നാം വർഷം 50,000 രൂപയും സബ്‌സിഡി ലഭിക്കും. പഴയ വാഹനങ്ങൾ ഉപേക്ഷിക്കുന്നവർക്ക് ഇരുചക്ര വാഹനങ്ങൾക്ക് 10,000 രൂപയും ത്രീ-വീലറുകൾക്ക് 25,000 രൂപയും ചരക്ക് വാഹനങ്ങൾക്ക് 50,000 രൂപയും ലഭിക്കും.
30 ലക്ഷം രൂപ വരെയുള്ള കാറുകൾക്ക് ഒരു ലക്ഷം രൂപ വരെയാണ് സ്ക്രാപ്പിംഗ് ആനുകൂല്യം. 30 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് കാറുകൾക്ക് 2030 മാർച്ച് 31 വരെ റോഡ് ടാക്‌സിലും രജിസ്ട്രേഷൻ ഫീസിലും 100% ഇളവ് ലഭിക്കും. ഇതിന് മുകളിൽ വിലയുള്ള വാഹനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. കൂടാതെ, സ്ട്രോങ്ങ് ഹൈബ്രിഡ് വാഹനങ്ങൾക്ക് 50% നികുതി ഇളവും കരട് നയം വാഗ്ദാനം ചെയ്യുന്നു.
സ്‌കൂള്‍ ബസുകളിൽ 2030-ഓടെ 30% ഇലക്ട്രിക് ആക്കാനാണ് ലക്ഷ്യം. സർക്കാർ ആവശ്യങ്ങൾക്കായി വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങൾ ഇനി മുതൽ 100% ഇലക്ടിക് ആയിരിക്കും. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്കുള്ള ആനുകൂല്യങ്ങളും ചാർജിങ് സംവിധാനങ്ങളുടെ വ്യാപനവും നയത്തിൻ്റെ ഭാഗമാണ്. ഭാവിയിൽ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ബസുകളും പരിഗണനയിലുണ്ട്.
