ഫാക്ടറി പോലെ കുട്ടികളെ പെറ്റ് കൂട്ടുന്നു; എന്നിട്ട് സഹായം ചോദിച്ചു വരും: ചർച്ചയായി വരലക്ഷ്മിയുടെ വാക്കുകൾ

Varalekshmi

സാമ്പത്തിക സ്ഥിരതയെത്തിയാൽ മാത്രമേ കുഞ്ഞുങ്ങളേക്കുറിച്ച് ​ദമ്പതിമാർ ചിന്തിക്കാൻ പാടുള്ളൂവെന്ന് നടി വരലക്ഷ്മി ശരത്കുമാർ. നടിയുടെ പരാമർശം വലിയ ചർച്ചകൾക്കാണ് വഴി തെളിച്ചിരിക്കുന്നത്. തെലുങ്കിൽ ആദ്യമായി സംവിധാനം ചെയ്ത 'എസ് സരസ്വതി' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വരലക്ഷ്മി.

അഭിനേതാക്കളായ പ്രിയ മണിയും ലക്ഷ്മി മഞ്ചുവും വരലക്ഷ്മിയെ പിന്തുണച്ച് രംഗത്തെത്തി. "ജനസംഖ്യയിൽ ഒന്നാം സ്ഥാനത്താണെങ്കിലും സെക്‌സിനെക്കുറിച്ച് സംസാരിക്കാൻ ആർക്കും താല്പര്യമില്ലാത്ത രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. ചെയ്യുന്നുണ്ടെങ്കിലും ഇതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല.

എനിക്കത് തമാശയായി ആണ് തോന്നിയത്. എല്ലാവരും ഫാക്ടറിയിലെന്ന പോലെ കുട്ടികളെ പെറ്റ് കൂട്ടുന്നു. എന്നിട്ട്, 'അയ്യോ ഞങ്ങൾ ബുദ്ധിമുട്ടിലാണേ' എന്ന് പരാതിപ്പെടും. ആരാണ് ഇവരോട് കുട്ടികളെ ഉണ്ടാക്കാൻ പറഞ്ഞത്. കുട്ടികൾ ഉണ്ടായ ശേഷം കാര്യങ്ങൾ പ്ലാൻ ചെയ്യാൻ നിൽക്കരുത്."- വരലക്ഷ്മി പറഞ്ഞു.

സമ്പദ്‌വ്യവസ്ഥ ആകെ മാറിയിരിക്കുന്നു, കുട്ടികളെ വളർത്തുന്നത് ചെലവേറിയ കാര്യമാണ്. കുട്ടികളുണ്ടാവുന്നതിനെ ഞാൻ എതിർക്കുന്നില്ല. ആളുകൾ കുട്ടികളുമായി എന്റെയടുത്ത് സഹായം ചോദിച്ചു വരുന്നു. ഞാനാണോ അവരെ പ്രസവിച്ചത് ?. നിങ്ങളുടെ തെറ്റിന് ഞാനെന്തിന് സഹായിക്കണം ?. നിങ്ങളുടെ കുഞ്ഞിനെ നിങ്ങൾ തന്നെ നോക്കിക്കോളൂ.

മറ്റൊരാളേയും കൂടെ താങ്ങാൻ കഴിയുന്ന സാമ്പത്തിക സ്ഥിരതയുള്ളപ്പോൾ മാത്രം കല്യാണം കഴിക്കാനും കുഞ്ഞുങ്ങളെക്കുറിച്ച് ചിന്തിക്കാനും ഞാൻ എനിക്ക് ചുറ്റുമുള്ളവരോട് പറയാറുണ്ട്". -വരലക്ഷ്മി വ്യക്തമാക്കി. വരലക്ഷ്മി പറയുന്നത് യാഥാർഥ്യമാണെന്ന് നടി പ്രിയ മണിയും പറഞ്ഞു. അതേസമയം വരലക്ഷ്മിയെ വിമർശിച്ചു കൊണ്ടും നിരവധി പേർ രം​ഗത്തെത്തി.

പണക്കാർ മാത്രം കുഞ്ഞുങ്ങളെക്കുറിച്ച് ചിന്തിച്ചാൽ മതിയെന്ന വരേണ്യ മനോഭാവമാണ് വരലക്ഷ്മിക്കെന്നായിരുന്നു വിമർശന കമന്റുകളിൽ ഒന്ന്. എന്നാൽ വരലക്ഷ്മി പറഞ്ഞ കാര്യം നൂറ് ശതമാനവും ശരിയാണെന്നും അത് ആരും അംഗീകരിക്കില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി.

Tags

Share this story