പൈലറ്റിന്‍റെ കൈയിൽ കഞ്ചാവ്; എയർ ഇന്ത്യ പൈലറ്റിനെ യുഎസിൽ നിന്ന് തിരിച്ചയച്ചു
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിന്‍റെ കൈയിൽ നിന്ന് കഞ്ചാവ് പിടിച്ചു. തുടർന്ന് ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. സംഭവത്തിൽ എയർ ഇന്ത്യ അന്വേഷണം ആരംഭിച്ചു.
ഏപ്രിൽ 14ന് ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്കുള്ള വിമാനത്തിൽ യാത്രക്കാരനായി സഞ്ചരിക്കുകയായിരുന്നു ഈ പൈലറ്റ്. സാൻഫ്രാസിസ്കോയിൽ എത്തിയ ശേഷം മറ്റൊരു വിമാനം നിയന്ത്രിക്കേണ്ട ചുമതല ഇയാൾക്കുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയത്. തുടർന്നാണ് ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചത്.
‘‘നിയമങ്ങൾ ലംഘിക്കുന്ന നടപടികളോട് എയർ ഇന്ത്യ സഹിഷ്ണുത കാണിക്കില്ല. സുരക്ഷ, അച്ചടക്കം, തൊഴിൽപരമായ പെരുമാറ്റം എന്നിവയിൽ വിട്ടുവീഴ്ചയില്ല. കമ്പനിയുടെ നയങ്ങൾക്കനുസരിച്ച് കർശനമായ അച്ചടക്ക നടപടികൾ ഇദ്ദേഹത്തിനെതിരെ സ്വീകരിക്കും’’ - എയർ ഇന്ത്യ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
