മാസപ്പടിക്കേസില്‍ പിണറായി വിജയന് ആശ്വാസം; വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി

PV കോടതി

മാസപ്പടിക്കേസിൽ പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം സുപ്രിംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. പിണറായിക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി പറഞ്ഞു. ഇഡി കേസിൽ ഒന്നും പറയാനില്ലെന്നും കോടതി വ്യക്തമാക്കി.

മാസപ്പടിക്കേസിലും ഹവാലക്കേസിലും വിജിലൻസ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ രണ്ട് എഫ്ഐആറുകളിലുമുള്ള അന്വേഷണമാണ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരിക്കുന്നത്. ഒപ്പം വീണ്ടും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനും കോടതി നിര്‍ദേശിച്ചു.

പ്രതിപട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുള്ളവർക്ക് അപ്പീൽ ഫയൽ ചെയ്യാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞാണ് കോടതി വീണ്ടും ഹൈക്കോടതിയിൽ അപ്പീൽ കൊടുക്കാനുള്ള അവസരം തുറന്നുനൽകിയിരിക്കുന്നത്. അതിനുവേണ്ടി ഏഴ് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിൻ്റേത് ഉൾപ്പെടെയുള്ള എല്ലാ അന്വേഷണവും സ്റ്റേ ചെയ്തിരിക്കുകയാണ്.

അതേസമയം ഇഡി രണ്ടാമതൊരു ഇസിഐആർ ഫയൽ ചെയ്തിരുന്നു. അതിനെപ്പറ്റി ഒന്നും പറയുന്നില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ആ വിഷയം കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നില്ല. അതിനാൽ അത് പ്രത്യേകം ചലഞ്ച് ചെയ്യേണ്ടതുണ്ട്. ഇപ്പോൾ സുപ്രിംകോടതി ഉത്തരവ് വന്നിരിക്കുന്നത് കേരള ഹൈക്കോടതിയുടെ വിധിക്കെതിരെയാണ്.

ഇഡി കൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരള പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ത്. ഇതിനെതിരെ പിണറായി വിജയൻ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചപ്പോൾ സിംഗിൾ ബെഞ്ച് തീരുമാനം ശരിവെയ്ക്കുകയായിരുന്നു. ഈ വിധിക്കെതിരെ പിണറായി സുപ്രിംകോടതിയെ സമീപിച്ചു. ഈ ഹരജിയിലാണ് ഇപ്പോൾ പിണറായിക്ക് ആശ്വാസകരമായ ഉത്തരവുണ്ടായിരിക്കുന്നത്.

പിണറായി വിജനും ബാക്കിയുള്ളവർക്കും ഒരു അപ്പീൽ ഫയൽ ചെയ്യാൻ അവകാശമില്ലേ എന്ന ചോദ്യം അംഗീകരിച്ചുകൊണ്ട് അവരുടെ വാദം കേൾക്കാനുള്ള ഉത്തരവാണ് സുപ്രിംകോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. അപ്പീൽ കേട്ട് കാര്യങ്ങൾ തീരുമാനിക്കുന്നതുവരെ അന്വേഷണം നിർത്തിവെയ്ക്കാനാണ് സുപ്രീംകോടതിയുടെ നിർദശം.

അതേസമയം പ്രതിഭാഗത്തിന്റെ വാദം കേൾക്കാതെയും വിശദീകരണത്തിന് അവസരം നൽകാതെയും ഹൈക്കോടതി നിർണായക തീരുമാനം എടുത്തതിനെ സുപ്രിംകോടതി രൂക്ഷമായി വിമർശിച്ചു. പ്രതിഭാഗത്തിന്റെ വാദം കേൾക്കാതെയുള്ള നടപടികൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ഇഡി നൽകുന്ന നോട്ടീസുകളുടെ അടിസ്ഥാനത്തിലും പ്രൈമറി ഏജൻസി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും പ്രതിഭാഗത്തിന്റെ വാദം കേൾക്കാതെ എഫ്ഐആർ ഇടാൻ ഉത്തരവിടുന്ന ഹൈക്കോടതി നടപടിയെ സുപ്രിംകോടതി വിമർശിച്ചു. കർണാടക, ഗുജറാത്ത് സർക്കാരുകളുമായി ബന്ധപ്പെട്ട കേസുകളടക്കം മുൻപ് ഹൈക്കോടതി പുറപ്പെടുവിച്ച വിധികളിലെ നടപടിക്രമങ്ങളെ കോടതി ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. ഇത്തരത്തിലുള്ള കേസുകളിൽ എഫ്ഐആർ നടപടികൾക്ക് മുമ്പ് പ്രതിഭാഗത്തിന്റെ വാദം കേൾക്കണം എന്ന നിലപാടിലേക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ചുകൾ എത്തേണ്ടതുണ്ടെന്നും സുപ്രിംകോടതി നിർദേശിച്ചു.

Tags

Share this story