ഡൽഹി കത്തീഡ്രൽ ഓഫ് റിഡംപ്ഷനിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; കുർബാനയിലും പങ്കെടുത്തു

modi

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ നടന്ന കുർബാനയടക്കമുള്ള പ്രാർഥന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമാണ് കത്തീഡ്രൽ ഓഫ് റിഡംപ്ഷൻ. 

ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. എക്‌സ് പ്ലാറ്റ്‌ഫോം വഴിയും പ്രധാനമന്ത്രി ക്രിസ്മസ് ആശംസകൾ നേർന്നു. സമാധാനത്തിന്റെയും അനുകമ്പയുടെയും പ്രത്യാശയുടെയും ആഘോഷമായ ക്രിസ്മസ് എല്ലാവർക്കും സന്തോഷം നൽകട്ടെയെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു

പ്രധാനമന്ത്രി സന്ദർശിക്കുന്നതിന് മുമ്പ് കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷന് മുന്നിൽ ചില വിശ്വാസികൾ പ്രതിഷേധിച്ചു. വിഐപി സന്ദർശനത്തിന്റെ പേരിൽ വിശ്വാസികൾക്കുള്ള ആരാധന സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം
 

Tags

Share this story