ദേശീയ കൈത്തറി ദിനം: നെയ്ത്തുകാരെ പിന്തുണയ്ക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി

ന്യൂഡൽഹി: ദേശീയ കൈത്തറി ദിനത്തിൽ രാജ്യത്തെ നെയ്ത്തുകാർക്കും കരകൗശല വിദഗ്ദ്ധർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെയും അതിനായി ജീവിതം മാറ്റിവെച്ച നെയ്ത്തുസമൂഹത്തിന്റെ സർഗ്ഗാത്മകതയെയും ആർപ്പണബോധത്തെയും അദ്ദേഹം പ്രശംസിച്ചു.

​ഗ്രാമീണ ശാക്തീകരണം, വനിതാ ശാക്തീകരണം, 'ആത്മനിർഭർ ഭാരത്' (സ്വയംപര്യാപ്ത ഭാരതം) എന്നിവയുടെ പ്രധാന തൂണുകളിലൊന്നാണ് കൈത്തറി മേഖലയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പരമ്പരാഗത നെയ്ത്തുതൊഴിലാളികൾക്ക് കേന്ദ്രസർക്കാർ സാധ്യമായ എല്ലാ പിന്തുണയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

​1905 ഓഗസ്റ്റ് 7-ന് ബ്രിട്ടീഷ് ഭരണത്തിനെതിരെ തുടക്കമിട്ട ചരിത്രപ്രസിദ്ധമായ 'സ്വദേശി പ്രസ്ഥാന'ത്തിന്റെ ഓർമ്മയ്ക്കായാണ് ഓഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി ആചരിക്കുന്നത്.

​സ്വദേശി ഉൽപ്പന്നങ്ങളെയും തദ്ദേശീയ നെയ്ത്തുകാരെയും പ്രോത്സാഹിപ്പിക്കുന്നതിനായി ചുരുങ്ങിയത് ഒരു കൈത്തറി ഉൽപ്പന്നമെങ്കിലും വാങ്ങാനും, പ്രിയപ്പെട്ട കൈത്തറി ഉൽപ്പന്നങ്ങളുടെ ചിത്രങ്ങളും വീഡിയോകളും #NationalHandloomDay എന്ന ഹാഷ്‌ടാഗോടെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനും പ്രധാനമന്ത്രി രാജ്യത്തെ പൗരന്മാരോട് ആഹ്വാനം ചെയ്തു. 

Tags

Share this story