മോദിയുടെ വർഗീയ പരാമർശം വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമമെന്ന് പ്രകാശ് കാരാട്ട്

മോദിയുടെ രാജസ്ഥാനിലെ വിവാദ പരാമർശം വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. അടിസ്ഥാനരഹിതമായ പ്രസ്താവനയാണ് മോദി നടത്തിയത്. പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ ശക്തമായ എതിർപ്പ് അറിയിച്ചിട്ടുണ്ട്. സിപിഎം രാജസ്ഥാൻ പൊലീസിൽ പരാതി നൽകുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. 

മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടേത് വർഗീയവാദികളുടെ ഭാഷ. ഒരു വിഭാഗത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് വോട്ട് വാങ്ങുന്നുവെന്നും ഏകാധിപതി നിരാശയിലാണെന്നും സിപിഎം പറഞ്ഞു

നേരത്തെ കോൺഗ്രസും തൃണമൂൽ കോൺഗ്രസും മോദിയുടെ പ്രസംഗത്തിനെതിരെ രംഗത്തുവന്നിരുന്നു. മോദിയുടേത് വിദ്വേഷ പ്രസംഗമാണെന്നും അതിലൂടെ ജനശ്രദ്ധ തിരിക്കുകയാണെന്നും എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ പറഞ്ഞു. ആദ്യഘട്ട വോട്ടെടുപ്പിൽ ബിജെപി നിരാശയിലാണെന്ന് രാഹുൽ ഗാന്ധിയും പ്രതികരിച്ചു

തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ തൃണമൂൽ കോൺഗ്രസും തീരുമാനിച്ചിട്ടുണ്ട്. കോൺഗ്രസ് രാജ്യത്തിന്റെ സമ്പത്ത് മുസ്ലീങ്ങൾക്ക് നൽകും, കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും ആ സമ്പത്ത് കൊടുക്കേണ്ടതുണ്ടോ എന്ന വിദ്വേഷ പ്രസംഗമാണ് രാജസ്ഥാനിൽ മോദി നടത്തിയത്.
 

Share this story