പ്രധാനമന്ത്രി മോദിയുടെ ബിരുദ കേസ്; കെജ്‌രിവാളിന്‍റെ അപ്പീൽ തള്ളി ഗുജറാത്ത് ഹൈക്കോടതി: 25000 രൂപ പിഴ

അരവിന്ദ് കെജ്രിവാൾ

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ ബിരുദം പുറത്തുവിടാൻ ഗുജറാത്ത് സർവകലാശാലയോട് നിർദേശിച്ച കേന്ദ്ര വിവരാവകാശ കമ്മിഷൻ ഉത്തരവ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരേ ആം ആദ്മി പാർട്ടി (എഎപി) കൺവീനർ അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി.

ചീഫ് ജസ്റ്റിസ് സുനിത അഗർവാൾ, ജസ്റ്റിസ് ഡി.എൻ. റേ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സിംഗിൾ ബെഞ്ച് വിധി ശരിവച്ചത്. വിവരാവകാശ കമ്മിഷന്‍റെ 2016ലെ നിർദേശം റദ്ദാക്കിയതിലും കെജ്‌രിവാളിന് 25,000 രൂപ പിഴ ചുമത്തിയതിലും ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ കെജ്‌രിവാളിന്‍റെ ഭാഗത്ത് നിന്ന് ഇടപെടേണ്ട തരത്തിലുള്ള പിഴവൊന്നും കണ്ടെത്താനായില്ലെന്നും അതിനാൽ അപ്പീൽ തള്ളുന്നതായും ഹൈക്കോടതി ഉത്തരവിൽ അറിയിച്ചു.

2023 മാർച്ച് 31നാണ് സിംഗിൾ ബെഞ്ച് വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് റദ്ദാക്കിയത്. വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ ദുരുപയോഗം ചെയ്തുവെന്ന് വിമർശിച്ച കോടതി കെജ്‌രിവാളിന് 25,000 രൂപ പിഴയും ചുമത്തിയിരുന്നു. വിഷയത്തിൽ കെജ്‌‌രിവാളിന്‍റെ സമീപനം ഗൗരവമില്ലാത്തതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു.

അപ്പീൽ പരിഗണിക്കവെ കെജ്‌രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി പിഴ ചുമത്തിയതിനെ ചോദ്യം ചെയ്തു. പ്രധാനമന്ത്രിയുടെ ബിരുദം ആവശ്യപ്പെട്ട് കെജ്‌രിവാൾ നിരന്തരം ഇടപെട്ടിട്ടില്ലെന്നും സിംഗിൾ ബെഞ്ചിന്‍റെ നിരീക്ഷണം ശരിയല്ലെന്നും അദ്ദേഹം വാദിച്ചു.

വിവരാവകാശ കമ്മിഷൻ സ്വമേധയാ നടപടിയെടുക്കുകയായിരുന്നുവെന്നും ഔദ്യോഗിക അപേക്ഷയ്ക്ക് പകരം ഒരു കത്തിന്‍റെ അടിസ്ഥാനത്തിലാണ് കെജ്‌രിവാളിനെ കേസിൽ കക്ഷിയാക്കിയതെന്നും സിങ്‌വി വാദിച്ചു.

അതേസമയം, പ്രധാനമന്ത്രിയുടെ ബിരുദം ഓൺലൈനിൽ നേരത്തെ തന്നെ ലഭ്യമായിരുന്നുവെന്ന് ഗുജറാത്ത് സർവകലാശാല സിംഗിൾ ബെഞ്ചിന് മുമ്പാകെ അറിയിച്ചിരുന്നു. എന്നാൽ റിവ്യൂ ഹർജിയിൽ കെജ്‌രിവാളിന്‍റെ അഭിഭാഷകർ ബിരുദം ഒരിക്കലും ഓൺലൈനിൽ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. ഈ വാദം സിംഗിൾ ബെഞ്ച് തള്ളുകയായിരുന്നു.

സർവകലാശാലയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കെജ്‌രിവാൾ കേസ് നിരന്തരം മുന്നോട്ടുകൊണ്ടുപോയെന്നും സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ വാർത്താസമ്മേളനങ്ങൾ നടത്തിയെന്നും വാദിച്ചു. വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും ഇത്തരം ആവശ്യങ്ങൾ കൈകാര്യം ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥരുടെ വിലപ്പെട്ട ജോലി സമയം നഷ്ടപ്പെടാതിരിക്കുന്നതിനുമായി കെജ്‌രിവാളിന് പിഴ ചുമത്തണമെന്നും തുഷാർ മേത്ത ആവശ്യപ്പെട്ടു.

2016ൽ പ്രധാനമന്ത്രിയുടെ ബിരുദം പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ വിവരാവകാശ കമ്മിഷന് കത്തയച്ചിരുന്നു. 2016 ഏപ്രിലിൽ അന്നത്തെ വിവരാവകാശ കമ്മിഷണർ മുകുൾ ശ്രിധർ ആചാര്യുലു മോദിക്ക് ലഭിച്ച ബിരുദങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കെജ്‌രിവാളിന് നൽകാൻ ഡൽഹി സർവകലാശാലയ്ക്കും ഗുജറാത്ത് സർവകലാശാലയ്ക്കും നിർദേശം നൽകി.

മൂന്ന് മാസത്തിന് ശേഷം സർവകലാശാല ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഹൈക്കോടതി വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് സ്റ്റേ ചെയ്തു.

2016 മേയിൽ അന്നത്തെ ഗുജറാത്ത് സർവകലാശാല വൈസ് ചാൻസലർ എം.എൻ. പട്ടേൽ മോദി 1983ൽ പൊളിറ്റിക്കൽ സയൻസിൽ എംഎ ബിരുദം 62.3 ശതമാനം മാർക്കോടെ എക്സ്റ്റേണൽ വിദ്യാർഥിയായി പൂർത്തിയാക്കിയതായി വ്യക്തമാക്കിയിരുന്നു.

Tags

Share this story