മൂന്നാമൂഴത്തിൽ മോദിയുടെ ആദ്യ വിദേശയാത്ര ഇറ്റലിയിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രിയായുള്ള മൂന്നാമൂഴത്തിൽ നരേന്ദ്ര മോദിയുടെ ആദ്യ വിദേശയാത്ര ഇറ്റലിയിലേക്ക്. 13 മുതൽ 15 വരെ നടക്കുന്ന ജി7 ഉച്ചകോടിക്കായാണു പ്രധാനമന്ത്രിയുടെ യാത്ര. ഇറ്റലിയിലെ അപുലിയയിലുള്ള ആഡംബര റിസോർട്ട് ബോർഗോ എഗ്നാസിയയിൽ നടക്കുന്ന ഉച്ചകോടിയിൽ യുക്രെയ്‌ൻ, ഗാസ സംഘർഷങ്ങൾ ചർച്ചയാകും. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ, യുക്രെയ്‌ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

മോദിയുടെ യാത്രയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെയില്ല. വ്യാഴാഴ്ച പോയി 14ന് തിരിച്ചെത്തുമെന്നാണു വിവരം.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിയെ അനുഗമിക്കും.

Share this story