മോദിയുടെ കേരളാ സന്ദർശനം മാർച്ച് 11ലേക്ക് മാറ്റി; തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിക്ക് ശേഷം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളാ സന്ദർശനം മാർച്ച് 11ലേക്ക് മാറ്റി. നേരത്തെ മാർച്ച് ആറിനാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുമെന്ന് പറഞ്ഞിരുന്നത്. 11ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ചില പ്രഖ്യാപനങ്ങൾ നടത്താൻ സാധ്യതയുണ്ട്. ഇതിനാൽ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിക്ക് ശേഷമാകുമെന്നാണ് വിവരം
എൻഡിഎയുടെ പ്രകടന പത്രിക പ്രകാശനം പ്രധാനമന്ത്രി കലൂർ സ്റ്റേഡിയത്തിൽ വെച്ച് നിർവഹിക്കും. മറൈൻ ഡ്രൈവിൽ ധീവരസഭയുടെ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. റെയിൽവേയുടെ അടക്കം മറ്റ് രണ്ട് പരിപാടികളും ഉണ്ടാകുമെന്നാണ് വിവരം.
അതേസമയം കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിയോടെ ഉണ്ടാകും. ബിഹാർ മാതൃകയിൽ ബംഗാളിലടക്കം ദൈർഘ്യം കുറച്ച് തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷൻ നീക്കം. 2021ൽ ബംഗാളിൽ എട്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ ഇത് നാല് ഘട്ടമായി ചുരുങ്ങും. കേരളത്തിൽ ഒറ്റ ഘട്ടമായിട്ടാകും തെരഞ്ഞെടുപ്പ്.
