കായിക സംവാദത്തിലൂടെ യുവാക്കളിലേക്ക് പ്രധാനമന്ത്രി; 'ഖേലോ ഇന്ത്യ ഡയലോഗി'ന് തുടക്കം
ന്യൂഡൽഹി: ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ യുവജനങ്ങളുമായും കായികതാരങ്ങളുമായും നേരിട്ട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഖേലോ ഇന്ത്യ ഡയലോഗ് - ഖേൽ കീ ബാത്ത്, പ്രധാൻ മന്ത്രി മോദി കെ സാത്ത്' എന്ന പേര സംഘടിപ്പിക്കുന്ന ഈ വൻകിട പരിപാടിയിലൂടെ രാജ്യത്തെ 1,500-ലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് യുവാക്കളിലേക്ക് പ്രധാനമന്ത്രി ആശയവിനിമയം നടത്തുന്നു.
കായിക മേഖലയുടെ വികസനം, 2036 ഒളിമ്പിക്സിനായുള്ള തയ്യാറെടുപ്പുകൾ, യുവജന നേതൃത്വം, ലഹരിമുക്ത ഭാരതം ('നശാ മുക്ത് യുവ'), രാജ്യനിർമ്മാണത്തിൽ യുവാക്കളുടെ പങ്ക് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സംവാദം.
കേന്ദ്ര കായിക മന്ത്രാലയവും 'മേരാ യുവ ഭാരതും' (MY Bharat) സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രിക്കൊപ്പം പി.ടി. ഉഷ, പി.ആർ. ശ്രീജേഷ്, മേരി കോം, സൈന നെഹ്‌വാൾ ഉൾപ്പെടെയുള്ള പ്രമുഖ കായികതാരങ്ങളും പങ്കെടുത്ത് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നു. പ്രാദേശിക തലത്തിലും ഗ്രാമീണ തലത്തിലുമുള്ള കായിക കഴിവുകളെ കണ്ടെത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ഈ മുൻകൈയിലൂടെ ലക്ഷ്യമിടുന്നത്.
