കർണാടകയിൽ അധികാരത്തർക്കം രൂക്ഷം; സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനെയും ഡൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്

Karnataka

ബെംഗളൂരു: കർണാടക കോൺഗ്രസിലെ അധികാരത്തർക്കങ്ങൾക്കും നേതൃത്വ പ്രതിസന്ധികൾക്കും പരിഹാരം കാണാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഡൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് നിർണായക യോഗം നടക്കുന്നത്.

​കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേറിയ 2023 മുതൽ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള അധികാര പങ്കുവെക്കൽ സംബന്ധിച്ച ചർച്ചകളും തർക്കങ്ങളും പാർട്ടിയിൽ വലിയ ആശയക്കുഴപ്പങ്ങൾക്ക് കാരണമായിരുന്നു. ഭരണത്തെപ്പോലും ബാധിക്കുന്ന ഈ തർക്കങ്ങൾക്ക് എത്രയും വേഗം ശാശ്വത പരിഹാരം കാണാനാണ് ഹൈക്കമാൻഡിന്റെ തീരുമാനം.

​ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം മുഖ്യമന്ത്രി സിദ്ധരാമയ്യയോടൊപ്പം മന്ത്രിമാരായ ജി. പരമേശ്വര, എച്ച്.സി. മഹാദേവപ്പ, കെ.ജെ. ജോർജ് എന്നിവരും ഡൽഹിക്ക് തിരിച്ചു. ആദ്യഘട്ടത്തിൽ വിമുഖത കാണിച്ചെങ്കിലും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പിന്നീട് ഡൽഹിയിലേക്ക് യാത്രയായിട്ടുണ്ട്. നേതൃത്വ തർക്കത്തിന് പുറമെ, ഏറെ നാളായി നീണ്ടുപോകുന്ന മന്ത്രിസഭാ പുനഃസംഘടന, രാജ്യസഭാ-നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പുകൾ എന്നിവയും യോഗത്തിൽ പ്രധാന ചർച്ചാവിഷയങ്ങളാകും. തർക്കങ്ങൾ പരിഹരിച്ച് കർണാടക കോൺഗ്രസിൽ വ്യക്തത വരുത്താൻ ഈ കൂടിക്കാഴ്ചയോടെ സാധിക്കുമെന്നാണ് മുതിർന്ന നേതാക്കളുടെ പ്രതീക്ഷ.

Tags

Share this story