മുഖ്യമന്ത്രി വിജയ്‌യെ ചെസ്സ് കളിയിൽ വീഴ്ത്തി പ്രഗ്നാനന്ദ; നോർവേ ചെസ്സ് ചാമ്പ്യന് 50 ലക്ഷം രൂപയുടെ ഉപഹാരം നൽകി ആദരിച്ച് തമിഴ്‌നാട് സർക്കാർ
ചെന്നൈ: ചരിത്രപ്രസിദ്ധമായ നോർവേ ചെസ്സ് ടൂർണമെന്റിൽ കിരീടം ചൂടി രാജ്യത്തിന്റെ അഭിമാനമായി മാറിയ യുവ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് സർക്കാർ ആദരിച്ചു. ചെന്നൈയിലെ സെക്രട്ടേറിയറ്റിൽ വെച്ച് നടന്ന ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഗ്നാനന്ദയ്ക്ക് 50 ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് കൈമാറി.
ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ചേമ്പറിൽ വെച്ച് ഇരുവരും തമ്മിൽ ഒരു സൗഹൃദ ചെസ്സ് മത്സരവും നടന്നു. കളിക്കളത്തിൽ തികഞ്ഞ ഏകാഗ്രതയോടെ നീക്കങ്ങൾ നടത്തിയ മുഖ്യമന്ത്രി വിജയ്, പ്രഗ്നാനന്ദയെ അൽഭുതപ്പെടുത്തി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഇരുപതുകാരനായ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ വിജയം സ്വന്തമാക്കി. മുഖ്യമന്ത്രിയുടെ കളിയോടുള്ള താല്പര്യവും കളിയിലെ മികവും തന്നെ അത്ഭുതപ്പെടുത്തിയെന്ന് മത്സരാനന്തരം പ്രഗ്നാനന്ദ പ്രതികരിച്ചു.
ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൺ ഉൾപ്പെടെയുള്ള പ്രമുഖരെ പരാജയപ്പെടുത്തിയാണ് പ്രഗ്നാനന്ദ നോർവേ ചെസ്സിൽ ചരിത്ര നേട്ടം കൊയ്തത്. 2013-ൽ ഈ ടൂർണമെന്റ് ആരംഭിച്ചതിന് ശേഷം ഇതിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രഗ്നാനന്ദ. ചടങ്ങിൽ പ്രഗ്നാനന്ദയുടെ മാതാപിതാക്കളും തമിഴ്‌നാട് കായിക വികസന വകുപ്പ് മന്ത്രി ആദവ് അർജുനയും പങ്കെടുത്തു.
