ബലാത്സംഗ കേസ് ഒത്തുതീർപ്പാക്കാനെത്തിയ ഗർഭിണിയെ കൂട്ട ബലാത്സംഗം ചെയ്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു; പ്രതികൾക്കായി തെരച്ചിൽ

ഭോപാൽ: മധ്യപ്രദേശിൽ ഗർഭിണിയായ സ്ത്രീയെ മൂന്നംഗ സംഘം ബലാത്സംഗം ചെയ്ത ശേഷം പെട്രോൾ ഒഴിച്ചു കത്തിച്ചു. മധ്യപ്രദേശിലെ മൊറാന ജില്ലയിലെ ചാന്ദ് കാ പുര ഗ്രാമത്തിലാണു സംഭവം. ഗുരുതരമായി പരുക്കേറ്റ സ്ത്രീ ഗ്വാളിയാറിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഭർത്താവ് പ്രതിയായ ബലാത്സംഗ കേസ് ഒത്തുതീർപ്പാക്കാനാണ് സ്ത്രീ അതിജീവതയുടെ ഗ്രാമത്തിലെത്തിയത്. തുടർന്ന് അവിടെയുണ്ടായിരുന്ന മൂന്നു പേർ ചേർന്ന് യുവതിയെ കൂട്ടൂബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഭർത്താവ് ബലാത്സംഗം ചെയ്ത പെൺകുട്ടിയുടെ വീട്ടിലുണ്ടായിരുന്ന മൂന്നു പേരാണ് പ്രതികൾ.

കൂട്ട ബലാത്സംഗത്തിനു ശേഷം വീട്ടിലിരുന്ന സ്ത്രീയും പുരുഷമാരും ചേർന്നാണ് പെട്രോൾ ഒഴിച്ചു കത്തിച്ചതെന്ന് ഇര പറയുന്ന വീഡിയോ പൊലീസിനു ലഭിച്ചിട്ടുണ്ട്. ബലാത്സംഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന ഭർത്താവാണ് വീഡിയൊ പൊലീസിന് കൈമാറിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Share this story