തൃശൂർ വെടിക്കെട്ട് ദുരന്തം; ഇരകളുടെ കുടുംബങ്ങൾക്കൊപ്പമെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
തൃശൂർ മുണ്ടത്തിക്കോട് പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അഗാധമായ അനുശോചനം അറിയിച്ച രാഷ്ട്രപതി, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിച്ചു. ദാരുണമായ സ്ഫോടനത്തിൽ 13 പേർ മരിക്കുകയും നിരവധി പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു.
"കേരളത്തിലെ തൃശൂരിൽ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ആളുകൾ മരിച്ച വിവരമറിഞ്ഞതിൽ അതീവ ദുഃഖമുണ്ട്. എന്റെ ചിന്തകളും പ്രാർത്ഥനകളും മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു," എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ രാഷ്ട്രപതി കുറിച്ചു.
ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
തൃശൂരിലെ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം വിതരണം ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പി.എം.എൻ.ആർ.എഫിൽ നിന്ന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിലെ പോസ്റ്റിലൂടെ അറിയിച്ചു.
"കേരളത്തിലെ തൃശൂരിലെ പടക്കനിർമ്മാണ ശാലയിലുണ്ടായ അപകടത്തിൽ ജീവനുകൾ നഷ്ടപ്പെട്ടതിൽ അതീവ സങ്കടമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ," പ്രധാനമന്ത്രി കുറിച്ചു.
കേരളത്തെ നടുക്കിയ സ്ഫോടനം
ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സ്ഫോടനം നടന്നത്. സ്ഫോടന സമയത്ത് ഏകദേശം 40 ഓളം പേർ ഷെഡിൽ ഉണ്ടായിരുന്നതായി സംശയിക്കുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഏപിൽ 26-ന് നടക്കുന്ന തൃശ്ശൂർ പൂരത്തിന്റെ മുന്നോടിയായി വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അഞ്ചു താൽക്കാലിക പുരകളിലണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കപ്പുറവും കേട്ടതായാണ് വിവരം.
അനുശോചിച്ച് രാഹുൽ ഗാന്ധി
പടക്ക നിർമാണശാലയിലുണ്ടായ അപകടത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുശോചിച്ചു. "തൃശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടന വാർത്ത കേട്ടതിൽ അതീവ ദുഃഖമുണ്ട്. വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടതും ഈ ദുരന്തത്തിന്റെ ആഘാതവും ഹൃദയഭേദകമാണ്. എന്റെ ചിന്തകൾ ഇരകളുടെ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായവും വേഗത്തിലുള്ള രക്ഷാപ്രവർത്തനവും സർക്കാർ ഉറപ്പാക്കണം," രാഹുൽ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
