വന്ദേമാതരത്തിനും ദേശീയഗാനത്തിന്റെ അതേ നിയമപരിരക്ഷ: ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരം
ന്യൂഡൽഹി: ദേശീയഗാനമായ 'ജനഗണനമ'യ്ക്ക് ലഭിക്കുന്ന അതേ നിയമപരിരക്ഷ ദേശീയ ഗീതമായ 'വന്ദേമാതരത്തിനും' നൽകുന്ന ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. ഇതോടെ 'ദ പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ (ഭേദഗതി) ബിൽ, 2026' ഔദ്യോഗികമായി നിയമമായി മാറിയിരിക്കുകയാണ്.
പുതിയ നിയമപ്രകാരം, വന്ദേമാതരം ആലപിക്കുന്നത് മനഃപൂർവം തടസ്സപ്പെടുത്തുകയോ, ആലാപനം നടക്കുന്ന സദസ്സിൽ തടസ്സങ്ങളോ അനാദരവോ ഉണ്ടാക്കുകയോ ചെയ്യുന്നത് കുറ്റകൃത്യമായി കണക്കാക്കും. ഇത്തരം കുറ്റകൃത്യങ്ങൾക്ക് മൂന്ന് വർഷം വരെ തടവുശിക്ഷയോ, പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.
1971-ലെ 'പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ ആക്ട്' ഭേദഗതി ചെയ്താണ് ഈ പുതിയ വ്യവസ്ഥ കൂട്ടിച്ചേർത്തത്. ഇതിനുമുമ്പ് ദേശീയഗാനമായ ജനഗണനമയ്ക്ക് മാത്രമായിരുന്നു ഇത്തരം തടസ്സപ്പെടുത്തലുകളിൽ നിന്ന് ശിക്ഷ ഉറപ്പാക്കുന്ന നിയമപരമായ സംരക്ഷണം ലഭിച്ചിരുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ വന്ദേമാതരം വഹിച്ച ചരിത്രപരമായ പ്രാധാന്യവും പങ്കും മുൻനിർത്തിയാണ് ദേശീയ ഗീതത്തിനും ദേശീയഗാനത്തിന് തുല്യമായ സംരക്ഷണം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. പാർലമെന്റിന്റെ ഇരുസഭകളും കഴിഞ്ഞ മാസം ഈ ബിൽ പാസാക്കിയിരുന്നു.
