ആഗസ്റ്റ് 13-ന് സംഗീത നാടക അക്കാദമി ഫെലോഷിപ്പുകളും പുരസ്കാരങ്ങളും രാഷ്ട്രപതി സമ്മാനിക്കും
Updated: Aug 11, 2026, 21:22 IST
2024, 2025 വർഷങ്ങളിലെ സംഗീത നാടക അക്കാദമി ഫെലോഷിപ്പുകളും (അക്കാദമി രത്ന) പുരസ്കാരങ്ങളും (അക്കാദമി പുരസ്കാർ) രാഷ്ട്രപതി ദ്രൗപതി മുർമു ആഗസ്റ്റ് 13-ന് സമ്മാനിക്കും. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ 115 കലാകാരന്മാർക്കാണ് പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നത്.
സംഗീതം, നൃത്തം, നാടകം, നാടൻ കലകൾ, ഗോത്രകലകൾ, പാവകളി തുടങ്ങിയ വിവിധ പ്രകടനകലകളിൽ മികച്ച സംഭാവനകൾ നൽകിയ പ്രമുഖരെയാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 3 ലക്ഷം രൂപയും താമ്രപത്രവും അംഗവസ്ത്രവുമടങ്ങുന്നതാണ് ഫെലോഷിപ്പ്. അക്കാദമി പുരസ്കാര ജേതാക്കൾക്ക് 1 ലക്ഷം രൂപയും താമ്രപത്രവും അംഗവസ്ത്രവുമാണ് സമ്മാനിക്കുന്നത്.
