പ്രധാനമന്ത്രിയല്ല, പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണ്: രാഹുൽ ഗാന്ധി
May 21, 2023, 15:11 IST

പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയല്ല, രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. ഈ മാസം 28ന് പുതിയ പാർലമെന്റ് മന്ദിരം മോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് എതിർപ്പുമായി രാഹുൽ ഗാന്ധി രംഗത്തുവന്നത്.
വിവിധ പ്രതിപക്ഷ കക്ഷികൾ പ്രധാനമന്ത്രി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനെതിരെ രംഗത്തുവന്നിരുന്നു. ആർജെഡി നേതാവ് മനോജ് കുമാർ ഝാ, സിപിഐ സെക്രട്ടറി ഡി രാജ, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി തുടങ്ങിയവരാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെ എതിർത്തത്.