പ്രധാനമന്ത്രി നരേന്ദ്രന്മോദി തെലങ്കാനയിൽ മത്സരിച്ചേക്കും

ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനയിലെ മൽക്കജ്ഗിരിയിൽ മത്സരിച്ചേക്കുമെന്നു റിപ്പോർട്ട്. തെലങ്കാനയിലും ദക്ഷിണേന്ത്യയിലാകെയും ബിജെപിയുടെ സാധ്യതകൾ മെച്ചപ്പെടുത്താൻ മോദിയുടെ സ്ഥാനാർഥിത്വം ഉപകരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ നീക്കമെന്ന് സൂചന. എന്നാൽ, ബിജെപി നേതൃത്വം ഇതിനോടു പ്രതികരിച്ചിട്ടില്ല.

ദക്ഷിണേന്ത്യയിൽ കർണാടകയ്ക്കുശേഷം ബിജെപി പ്രതീക്ഷയോടെ കാണുന്ന സംസ്ഥാനമാണു തെലങ്കാന. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടത്തെ 13 സീറ്റുകളിൽ നാലെണ്ണം സ്വന്തമാക്കാൻ പാർട്ടിക്കു കഴിഞ്ഞിരുന്നു. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നിൽ നിന്ന് എട്ടിലേക്ക് ഉയരാനും പാർട്ടിക്കായി.


ഇപ്പോഴത്തെ തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ എ. രേവന്ത് റെഡ്ഡി 2019ൽ വിജയിച്ച മണ്ഡലമാണ് മൽക്കജ്ഗിരി. മിനി ഇന്ത്യയെന്ന് അറിയപ്പെടുന്ന മണ്ഡലത്തിൽ ഉത്തരേന്ത്യൻ വോട്ടർമാരുടെ സ്വാധീനം ശക്തമാണ്. ഇവിടെ മോദി മത്സരിക്കുന്നത് തെലങ്കാനയെ കൂടാതെ കർണാടകയും തമിഴ്നാടും ആന്ധ്രപ്രദേശുമുൾപ്പെടെ സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കുമെന്നാണു നേതൃത്വത്തിന്‍റെ വിലയിരുത്തൽ. ഉത്തരേന്ത്യൻ പാർട്ടിയെന്ന ആരോപണത്തിനും ഇതുവഴി തടയിടാനാകും.

നേരത്തേ, തമിഴ്നാട്ടിൽ നിന്നു മോദി മത്സരിക്കുമെന്ന വാർത്തകളുണ്ടായിരുന്നെങ്കിലും നേതൃത്വം ഇതു പരോക്ഷമായി തള്ളിയിരുന്നു.

Share this story