പ്രധാനമന്ത്രിയുടെ സുരക്ഷയിലെ വീഴ്‌ച; പഞ്ചാബിൽ 9 ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും

PM

കഴിഞ്ഞ വർഷം ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്‌ചയുമായി ബന്ധപ്പെട്ട് പഞ്ചാബിലെ 9 മുതിർന്ന ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടായേക്കും. ഈ ഉദ്യോഗസ്ഥരിൽ അന്നത്തെ ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരിയും ഉൾപ്പെടുന്നു. 

അന്നത്തെ പഞ്ചാബ് ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) എസ് ചട്ടോപാധ്യായ; സീനിയർ പോലീസ് സൂപ്രണ്ട് ഹർമൻദീപ് സിംഗ് ഹാൻസ്, ചരൺജിത് സിംഗ്; അഡീഷണൽ ഡിജിപിമാരായ നാഗേശ്വര റാവു, നരേഷ് അറോറ; ഇൻസ്പെക്ടർ ജനറൽമാരായ രാകേഷ് അഗർവാൾ, ഇന്ദർബീർ സിങ്; അന്നത്തെ ഡെപ്യൂട്ടി ഐജി സുർജീത് സിംഗ് (ഇപ്പോൾ വിരമിച്ചു) എന്നിവരാണ് മറ്റ് ഉദ്യോഗസ്ഥർ.

ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ പഞ്ചാബ് ചീഫ് സെക്രട്ടറി വികെ ജഞ്ജുവ ശുപാർശ ചെയ്‌തതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

എന്ത് സംഭവിച്ചു?

2022 ജനുവരി 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബട്ടിൻഡയിൽ വന്നിറങ്ങിയതിന് ശേഷം അവിടെ നിന്ന് ഹെലികോപ്റ്ററിൽ ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്‌മാരകത്തിലേക്ക് പോകാൻ നിശ്ചയിച്ചിരുന്നു. എന്നാൽ മഴയും കാഴ്‌ചക്കുറവും കാരണം പ്രധാനമന്ത്രി ഹെലികോപ്റ്റർ ഒഴിവാക്കി റോഡ് മാർഗം യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് മണിക്കൂറിലധികം സമയമെടുക്കുന്ന യാത്രയായിരുന്നു ഇത്.

പഞ്ചാബിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയ ശേഷമാണ് പോകാനുള്ള വഴി ആസൂത്രണം ചെയ്‌തത്‌. എന്നാൽ, ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്‌മാരകത്തിന് 30 കിലോമീറ്റർ അകലെ, അദ്ദേഹത്തിന്റെ വാഹനവ്യൂഹം ഒരു ഫ്ലൈ ഓവറിൽ പ്രവേശിച്ച ശേഷം, പ്രതിഷേധക്കാർ റോഡ് തടയുകയായിരുന്നു. വൻ സുരക്ഷാ വീഴ്‌ചയുടെ ഫലമായി  പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം മേൽപ്പാലത്തിൽ കുടുങ്ങി കിടക്കുകയായിരുന്നു.

ഈ സംഭവത്തിന് തൊട്ടുപിന്നാലെ, ആഭ്യന്തര മന്ത്രാലയം മൂന്നംഗ സമിതി രൂപീകരിച്ചു. ഇതിന് ശേഷം പഞ്ചാബിലെ ഫിറോസ്‌പൂർ സന്ദർശന വേളയിൽ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഉത്തരവാദികളായ ഒരു ഡസനിലധികം പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ചെയ്‌തു.

പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതിനെ തുടർന്ന് 20 മിനിറ്റോളം പ്രധാനമന്ത്രി മോദിയുടെ വാഹനവ്യൂഹം കുടുങ്ങിക്കിടന്ന ഫ്‌ളൈഓവർ സന്ദർശിച്ചാണ് സംഘം അന്വേഷണം ആരംഭിച്ചത്. ഈ വീഴ്‌ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കർശന നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അന്ന് കോൺഗ്രസ് നേതൃത്വം നൽകിയ പഞ്ചാബ് സർക്കാർ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു

Share this story