പെട്രോൾ, ഡീസൽ വില കുറച്ച് സ്വകാര്യ ഇന്ധന കമ്പനി നയാര എനർജി; പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറയും
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ച് പ്രമുഖ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി. കമ്പനിയുടെ റീട്ടെയിൽ ഇന്ധന പമ്പുകളിൽ പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസൽ ലിറ്ററിന് 3 രൂപയുമാണ് കുറച്ചിരിക്കുന്നത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവിനെ തുടർന്നാണ് കമ്പനിയുടെ ഈ നടപടി.
വിലക്കുറവ് പ്രാബല്യത്തിൽ വന്നതോടെ ഡൽഹിയിലെ നയാര പെട്രോൾ പമ്പുകളിൽ പെട്രോൾ ലിറ്ററിന് 105.71 രൂപയും ഡീസൽ ലിറ്ററിന് 94.31 രൂപയുമാണ് പുതിയ നിരക്ക്. പശ്ചിമേഷ്യയിൽ നിലനിന്നിരുന്ന സംഘർഷാവസ്ഥയ്ക്ക് അയവ് വന്നതിന് പിന്നാലെ ഇന്ധനവില കുറയ്ക്കുന്ന ആദ്യ സ്വകാര്യ കമ്പനിയായി മാറിയിരിക്കുകയാണ് നയാര എനർജി. നേരത്തെ പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമായ സമയത്ത് രാജ്യത്ത് ആദ്യമായി ഇന്ധനവില വർധിപ്പിച്ചതും നയാര കമ്പനിയായിരുന്നു.
ഇന്ധന വിലയ്ക്ക് പുറമെ രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിലും വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ സിലിണ്ടറുകൾക്ക് 183.50 രൂപ കുറച്ചതോടെ പുതിയ നിരക്ക് 2951 രൂപയായി. ഇത് ഹോട്ടൽ മേഖലയ്ക്ക് വലിയ രീതിയിൽ ആശ്വാസം നൽകും. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് എൽപിജി ഇറക്കുമതിയിലുണ്ടായ തടസ്സങ്ങൾ മാറിയ പശ്ചാത്തലത്തിൽ, വിതരണം യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കാനാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ തീരുമാനം.
