ലാഭം ആനുപാതികമല്ല; നികുതിയടച്ചില്ല: ബിബിസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആദായ നികുതി വകുപ്പ്

BBC

ബിബിസിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആദായ നികുതി വകുപ്പ്. ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ സര്‍വേ സമാപിച്ചതിന് പിന്നാലെയാണ് പ്രസ്താവന. ബിബിസി കാണിക്കുന്ന വരുമാനം/ലാഭം ഇന്ത്യയിലെ പ്രവര്‍ത്തന സ്‌കെയിലിന് ആനുപാതികമല്ലെന്നും ഐടി വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

വിവിധ ഇന്ത്യന്‍ ഭാഷകളില്‍ (ഇംഗ്ലീഷ് ഒഴികെ) പ്രക്ഷേപണം ഉണ്ടായിരുന്നിട്ടും, ബിബിസിയുടെ വിവിധ സ്ഥാപനങ്ങള്‍ കാണിക്കുന്ന വരുമാനം/ലാഭം ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ സ്‌കെയിലിന് ആനുപാതികമല്ലെന്ന് സര്‍വേയിലൂടെ വെളിപ്പെട്ടതായി ഐടി വകുപ്പ് പറയുന്നു. സംഘടനയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിച്ചതായും ഏജന്‍സി അറിയിച്ചു.

ഗ്രൂപ്പിന്റെ വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുളള ചില പണമിടപാടുകള്‍ക്ക് നികുതി അടച്ചിട്ടില്ലെന്നും പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. രേഖകളും കരാറുകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബിബിസി ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തിയെന്നും ഐടി വകുപ്പ് ആരോപിച്ചു. ട്രാന്‍സ്ഫര്‍ പ്രൈസിംഗ് ഡോക്യുമെന്റേഷനുമായി ബന്ധപ്പെട്ട് നിരവധി പൊരുത്തക്കേടുകളുണ്ടെന്നും ഐടി സര്‍വേയില്‍ പറയുന്നു. ഇതുകൂടാതെ ജീവനക്കാരുടെ മൊഴി, ഡിജിറ്റല്‍ തെളിവുകള്‍, രേഖകള്‍ എന്നിവ വഴിയും നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു.

Share this story