സി.ജെ.പി. പാർലമെന്റ് മാർച്ച്: ഡൽഹിയിൽ നിരോധനാജ്ഞ; നിരാഹാര സമരം തുടർന്ന് സോനം വാങ്ചുക്

Delhi

ന്യൂഡൽഹി: പാർലമെന്റിലേക്ക് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്താനിരിക്കുന്ന പ്രതിഷേധ മാർച്ചിന് മുന്നോടിയായി ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പോലീസ്. പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ന്യൂഡൽഹി ജില്ലയിലുടനീളം ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

​സി.ജെ.പി പ്രഖ്യാപിച്ച ഈ പാർലമെന്റ് മാർച്ചിന് ഔദ്യോഗികമായി യാതൊരുവിധ അനുമതിയും തേടിയിട്ടില്ലെന്നും അനുമതി നൽകിയിട്ടില്ലെന്നും ഡൽഹി പോലീസ് വ്യക്തമാക്കി. നിയമം ലംഘിച്ച് അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുകയോ പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയോ ചെയ്താൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

​അതേസമയം, വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകൾക്കെതിരെ സമരം പ്രഖ്യാപിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് തന്റെ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വിദ്യാഭ്യാസ പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ മറുപടി നൽകുകയോ പാർലമെന്റ് സമ്മേളനത്തിൽ ഈ വിഷയം ചർച്ച ചെയ്യുമെന്ന് ജനപ്രതിനിധികൾ ഉറപ്പ് നൽകുകയോ ചെയ്താൽ മാത്രമേ അദ്ദേഹം സമരം അവസാനിപ്പിക്കൂ എന്ന് ഭാര്യ ഗീതാഞ്ജലി വ്യക്തമാക്കി. വാങ്ചുകിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്തർ മന്ദിറിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരിക്കുന്നത്. 

Tags

Share this story